കൊലപാതകങ്ങള്‍ നടന്ന സ്ഥലത്ത് സജിയെ എത്തിച്ച് തെളിവെടുക്കുന്നു.
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് അതിക്രൂരമായി. ഞെട്ടിക്കുന്ന മൊഴിയാണ് ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി നല്‍കിയത്. പച്ചടി തോട്ടുവാക്കട പൊന്നൂട്ടില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരെ കൊലപ്പെടുത്തിയ മേരിക്കുട്ടിയുടെ ഇളയ മകന് സജിയുടെ മൊഴിയിലാണ് ക്രൂരതയുടെ ചിത്രം പുറത്തുവന്നത്.
ഈ മാസം നാലിനാണ് ഇരുവരെയും സജി ക്രൂരമായി കൊലപ്പെടുത്തിയത്. നാലിന് രാത്രിയില്‍ മദ്യപിച്ചെത്തിയ സജി ഭക്ഷണം കഴിക്കുന്നതിനിടെ സഹോദരന് റെജിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. റെജിയെ മര്‍ദിച്ചും കഴുത്തില്‍ തോര്‍ത്ത് മുറുക്കിയും കൊലപ്പെടുത്തി.
മര്‍ദനമേറ്റു താഴെവീണ റെജിയുടെ തലയില്‍ ഏറെനേരം ചവിട്ടിപ്പിടിക്കുകയും തോര്‍ത്ത് മുറുക്കി മരണം ഉറപ്പിക്കുകയും ചെയ്തു. ഇതുകണ്ട് എത്തിയ മേരിക്കുട്ടിയുടെ മുഖത്ത് ഇടിക്കുകയും കൈയില്‍ പിടിച്ച് കറക്കി ഭിത്തിയിലേക്ക് ഇടിപ്പിക്കുകയും മര്‍ദനം തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം ഇറച്ചിക്കറിയോടൊപ്പം ഇയാള്‍ ഭക്ഷണം കഴിച്ചിരുന്നു. അന്ന് വീട്ടിനുള്ളില്‍ മൃതദേഹങ്ങള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചശേഷം ഇയാള്‍ കിടന്നുറങ്ങി.
അടുത്തദിവസം രാവിലെ മൃതദേഹങ്ങള്‍ ഗ്രീന്‍ നെറ്റില്‍ പൊതിയുകയും രണ്ടു ദിവസം വീടിനു പുറത്ത് വയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം അര്‍ധ രാത്രിക്ക് ശേഷം മുറ്റത്തിന് സമീപം കുഴിയെടുത്ത് മൃതദേഹങ്ങൾ മറവ് ചെയ്തു. മൃതദേഹങ്ങളില്‍ കുമ്മായം വിതറിയശേഷമാണ് കുഴിച്ചിട്ടത്.
സ്വത്ത് ഭാഗം വയ്ക്കുന്നതിലെ തര്‍ക്കവും റെജി, സജിയുടെ പിതൃത്വം നിരന്തരം ചോദ്യം ചെയ്തിരുന്നതും വിവാഹത്തിന് സമ്മതിക്കാതിരുന്നതുമാണ് കൊലയിലേക്ക് നയിച്ചത്. ഒന്നര ഏക്കര്‍ സ്ഥലത്തില്‍ തന്റെ ഓഹരി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സജിയുടെ പിതാവ് മറ്റാരോ ആണെന്നും ഇതിനാല്‍ സ്വത്ത് നല്കാന് ആകില്ലെന്നുമുള്ള നിലപാടിലായിരുന്നു റെജി. വിവാഹം കഴിക്കാനും സജിയെ അനുവദിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനു മൊഴി നല്കി. റിമാൻഡിലായ സജിയെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. 2018 ല്‍ കാണാതായ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിന്റെ തിരോധാനത്തില്‍ പുനരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
നെടുങ്കണ്ടം ഇരട്ടക്കൊല;
പ്രതി റിമാൻഡിൽ
നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ 14 ദിവസത്തേക്ക് നെടുങ്കണ്ടം കോടതി റിമാൻഡു ചെയ്തു. പച്ചടി തോട്ടുവാക്കട പൊന്നൂട്ടില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരെ കൊലപ്പെടുത്തിയ സജിയെയാണ് നെടുങ്കണ്ടം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്. സജിയുടെ മാതാവാണ് മേരിക്കുട്ടി. റെജി സഹോദരനാണ്. ചൊവ്വാഴ്ചയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന സജി പോലീസില്‍ കീഴടങ്ങിയത്.
ഈ മാസം നാലിന് രാത്രിയിലാണ് മദ്യപിച്ചെത്തിയ സജി മാതാവിനെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയത്. ഇവരെ കാണാനില്ലെന്ന സജിയുടെ സഹോദരി സിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുങ്കണ്ടം പോലീസ് കേസെടുത്തത്. തുടര്‍ന്ന് മേരിക്കുട്ടിയുടെ വീടിന് മുമ്പില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ സജിയെ അന്നും ഇന്നലെയും കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
Tags : double murder nattuvishesham local news