നെന്മാറ- ഒലിപ്പാറ റോഡിൽ കരിങ്കുളത്ത് കനത്തമഴയിൽ രൂപപ്പെട്ട കുഴികൾ.
നെന്മാറ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്ന് നെന്മാറ- ഒലിപ്പാറ റോഡിന്റെ ഭാഗങ്ങൾ ഒലിച്ചുപോയത് പ്രദേശവാസികൾക്കും യാത്രക്കാർക്കും കടുത്ത ദുരിതമായി.
കരിങ്കുളത്തിനു സമീപമുള്ള ഭാഗത്താണ് റോഡിന്റെ വശമിടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടത്. മഴവെള്ളത്തോടൊപ്പം മലമേഖലകളിൽനിന്ന് ഒഴുകിയെത്തിയ ശക്തമായ വെള്ളമാണ് റോഡിനു കേടുപാടുകൾ വരുത്തിയത്.
റോഡിൽ രൂപപ്പെട്ട വലിയ കുഴി വാഹനയാത്രക്കാർക്ക് ഗുരുതര അപകടഭീഷണി ഉയർത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ അപകടസാധ്യത വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വർഷങ്ങളായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ കിടക്കുന്ന ഈ റോഡ് പ്രദേശവാസികളുടെ പ്രധാന പരാതികളിലൊന്നാണ്.
വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും ജോലി ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ അംഗങ്ങൾ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ജനപ്രതിനിധികൾ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ആദിത്യ നഗറിൽ വെള്ളം കയറി
ഒറ്റപ്പാലം: തുടർച്ചയായി പെയ്ത മഴയിൽ ഒറ്റപ്പാലം നഗരസഭാ ഓഫീസിനു പിന്നിലെ ആദിത്യ നഗറിൽ വെള്ളംകയറി. എട്ടോളം വീടുകൾ ഒറ്റപ്പെട്ട നിലയിലാണ്. വീടുകൾക്ക് മുൻവശത്ത് ഉൾപ്പെടെ വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയുണ്ട്. മഴ തുടരുകയാണെങ്കിൽ വീടുകൾക്ക് ഉള്ളിലേക്കും വെള്ളം കയറുമെന്ന ആശങ്കയുണ്ട്.
Tags : Nattuvishesham Districtnews Nemmara-Olippara road