നെന്മാറ: മൂന്നരവർഷംമുമ്പ് ആരംഭിച്ചിട്ടും ഇതുവരെ പാതിപോലും പൂർത്തിയാകാത്ത നെന്മാറ- ഒലിപ്പാറ റോഡ് നവീകരണ പദ്ധതിക്കെതിരേ പ്രദേശവാസികൾ നിയമപോരാട്ടത്തിനൊരുങ്ങുന്നു.
നിരവധി പ്രതിഷേധസമരങ്ങളും ഹർത്താലുകളും ബസ് പണിമുടക്കുകളും നടത്തിയിട്ടും റോഡ് നിർമാണം മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിനും കരാറുകാരനുമെതിരേ ഹൈക്കോടതിയെ സമീപിക്കാൻ പ്രദേശവാസികളുടെ നേതൃത്വത്തിൽ തീരുമാനമായത്.
അയിലൂർ ഗ്രാമപഞ്ചായത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ദിനംപ്രതി ആശ്രയിക്കുന്ന ഈ പാതയുടെ ദയനീയാവസ്ഥ കാരണം യാത്ര അതീവ ദുരിതകരമായി മാറിയിരിക്കുകയാണ്.
റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി നിലവിലെ ടാറിംഗ് പൂർണമായും പൊളിച്ചുനീക്കിയെങ്കിലും തുടർനിർമാണം കാര്യമായ പുരോഗതി കൈവരിക്കാത്തതിനാൽ യാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കേന്ദ്രസർക്കാരിന്റെ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ ഉൾപ്പെടുത്തി 16.5 കോടി രൂപ ചെലവിൽ നെന്മാറ മുതൽ ഒലിപ്പാറ വരെ 10.8 കിലോമീറ്റർദൂരം ദേശീയപാത നിലവാരത്തിലേക്ക് ഉയർത്താനായിരുന്നു പദ്ധതി.
എന്നാൽ പദ്ധതിയുടെ ഭാഗമായി നെന്മാറ മുതൽ തിരുവഴിയാട് ഹൈസ്കൂൾ വരെയുള്ള 3.2 കിലോമീറ്റർ ഭാഗം മാത്രമാണ് ഇതുവരെ നവീകരണം പൂർത്തിയായത്. ശേഷിക്കുന്ന ഭാഗങ്ങളിൽ റോഡ് പൊളിച്ചുനീക്കിയതോടെ യാത്ര ദുഷ്കരമാണ്. റോഡിന്റെ ദുരവസ്ഥ കാരണം സ്വകാര്യ ബസുകൾക്കു നിരന്തരം കേടുപാടുകൾ സംഭവിക്കുന്നതായും അറ്റകുറ്റപ്പണികൾക്കായി വൻതുക ചെലവഴിക്കേണ്ടിവരുന്നതായും ബസുടമകൾ പറയുന്നു.
സർവീസുകൾ നടത്തുന്നത് സാമ്പത്തികമായി നഷ്ടകരമായി മാറിയ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി നാളെമുതൽ ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. നിലവിൽ പതിനഞ്ചിലധികം സ്വകാര്യ ബസുകൾ ഈ റൂട്ടിൽ ദിവസേന നാൽപതിലധികം സർവീസുകളാണ് നടത്തിവരുന്നത്. ബസ് സർവീസ് നിർത്തിവയ്ക്കുന്നതോടെ വിദ്യാർഥികൾ, തൊഴിലാളികൾ, വ്യാപാരികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് കൂടുതൽ പ്രതിസന്ധിയിലാകുക.