ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ വിമല കോളജ് ഓഡിറ്റോറിയത്തിൽ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കോളജ് യൂണിയൻ ചെയർപേഴ്സണ്
തൃശൂർ: എക്കാലത്തും സാമൂഹിക പരിവർത്തനം നടന്നതു കാന്പസുകളിലാണെന്നും കാന്പസ് ജീവിതത്തിന്റെ ഭാഗമായി പത്രവായന മാറണമെന്നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ. വിദ്യാർഥികളിൽ വായനാശീലം വളർത്താൻ ലക്ഷ്യമിട്ട് ദീപിക ഒരുക്കുന്ന നമ്മുടെ ഭാഷ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂർ വിമല കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിനുപരിയായി രാഷ്ട്രീയം മനസിലാക്കാനും രാഷ്ട്രബോധം വളർത്താനും പത്രവായനയ്ക്കു സാധിക്കും. 140 വർഷമായി ഭാഷ അണമുറിയാതെ നമ്മിലേക്ക് എത്തിക്കാനും മലയാളത്തിന്റെ ആത്മാവിഷ്കാരമാകാനും ദീപികയ്ക്കു കഴിഞ്ഞു. എഴുതിയതു വായിക്കുന്പോൾ വലിയ പരിണാമം സംഭവിക്കുന്നു. നിർമിതബുദ്ധി മനോഹരമായ എഴുത്ത് സൃഷ്ടിച്ചുനൽകും. എന്നാലത് വ്യക്തികളുടെ ആത്മാവിഷ്കാരമാകുന്നില്ല. എഐ അടിമത്തത്തിലൂടെയുള്ള നവകോളനിവത്കരണത്തെ ചെറുക്കാൻ ഭാഷയ്ക്കു കഴിയും.
ഗുണ്ടർട്ടും അർണോസ് പാതിരിയും ചാവറയച്ചനും നിധീരിക്കൽ മാണിക്കത്തനാരും ഭാഷയെ സാംസ്കാരിക നവോത്ഥാനമാക്കി മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കോളജ് യൂണിയൻ ചെയർപേഴ്സണ് പി.ആർ. ശരണ്യക്ക് ദീപിക ദിനപത്രം കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
വിമല കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബീന ജോസ്, ദീപിക മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. അജിത്ത് തച്ചോത്ത്, മലയാളം വകുപ്പ് മേധാവി ഡോ.ഒ. നിഷ ഫ്രാൻസിസ്, ദീപിക സർക്കുലേഷൻ മാനേജർ കെ.എൽ. ഡേവിസ്, കോളജ് ലൈബ്രേറിയൻ സിസ്റ്റർ ജിസ്ന ജോസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news