പൊതുസമ്മേളനം പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കോട്ടയം: കേരള എന്‍ജിഒ യൂണിയന് 63-ാം സംസ്ഥാന സമ്മേളനം 11 മുതല്‍ 13 വരെ കോട്ടയത്ത് നടക്കും. പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം, പ്രഭാഷണം, സെമിനാര്‍, വനിതാ സമ്മേളനം, സുഹൃദ് സമ്മേളനം തുടങ്ങിയവയാണു പ്രധാന പരിപാടികള്‍. സമ്മേളനത്തിന്റെ വിളംബരമായി ഒമ്പതിനു വൈകുന്നേരം അഞ്ചിന് സിവില്‍ സ്റ്റേഷനില്‍നിന്നും കോട്ടയം ടൗണിലേക്ക് വിളംബര ജാഥ നടക്കും.
11നു രാവിലെ പതാക ഉയര്‍ത്തല്‍, തുടര്‍ന്നു സംസ്ഥാന കൗണ്‍സില്‍ യോഗം. ഉച്ചകഴിഞ്ഞ് മൂന്നിനു പ്രകടനം. 4.30ന് പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി, മാത്യു ടി. തോമസ്, ഡോ. വര്‍ഗീസ് ജോര്‍ജ്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിക്കും.
12നു രാവിലെ ഒമ്പതിനു പ്രതിനിധി സമ്മേളനം സിദ്ധാര്‍ഥ് വരദരാജന് ഉദ്ഘാടനം ചെയ്യും. വി.എന്‍. വാസവന്, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ശ്രീകുമാര്‍, പ്രസിഡന്റ് ടി.കെ.എ. ഷാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് സെമിനാര്‍ കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സുഹൃദ് സമ്മേളനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. 13നു രാവിലെ പി. രാജീവ് പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് പുതിയ ഭാരവാഹികളെയും സംസ്ഥാന കൗണ്‍സിലിനെയും തെരഞ്ഞെടുക്കും.
Tags : Nattuvishesham Local News NGO Union