പത്തനംതിട്ട: കെട്ടിടത്തിനു ബലക്ഷയമെന്ന് വിധിയെഴുതിയ കെട്ടിടത്തിൽ കോടതികളും സർക്കാർ ഓഫീസുകളും. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനാണ് ബലക്ഷയം കണ്ടെത്തി കോടതിയും ഓഫീസുകളും ഒഴിയാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നോട്ടീസ് നൽകിയിരുന്നത്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള വാടകയ്ക്ക് കെട്ടിടം കണ്ടെത്താനാകുന്നില്ലെങ്കിൽ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടത്തിൽതന്നെ തുടരാനാണ് ഓഫീസ് മേലധികാരികൾക്കു ലഭിച്ചിരിക്കുന്ന നിർദേശം. 30നകം മിനി സിവിൽസ്റ്റേഷൻ കെട്ടിടം പൂർണമായും ഒഴിയണമെന്നായിരുന്നു ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദേശം.
അനുയോജ്യമായ കെട്ടിടങ്ങൾ കണ്ടെത്താൻ കോടതികൾക്കും ഓഫീസുകൾക്കും കഴിയുന്നില്ല. കുറഞ്ഞ നിരക്കിൽ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള അന്വേഷണമാണ് നടക്കുന്നത്.
എന്നാൽ നഗരത്തിൽ കെട്ടിടം ഉടമകൾ വലിയ വാടകയാണ് ആവശ്യപ്പെടുന്നത്. കുറഞ്ഞ വാടക നിരക്കാണ് സർക്കാരിന്റേത്. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ് പത്തനംതിട്ട കോളജ് റോഡിൽ ടൗൺഹാളിനു സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് മാറാൻ ധാരണയായിട്ടുണ്ട്. എന്നാൽ സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ഇവിടേക്ക് മാറാൻ കഴിയുകയുള്ളൂ.
അനുമതിക്കും കാലതാമസം ഉണ്ടാകും. വാടകകെട്ടിടം ലഭിക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടങ്ങളിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് മറ്റു സ്ഥാപനങ്ങൾ. നിലവിൽ രേഖകളും കംപ്യൂട്ടറുകളുമടക്കം പെട്ടികളിലാക്കി സുരക്ഷിതമായി വയ്ക്കുന്ന നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇതിനകം നഗരപരിധിയിലെ തന്നെ വിവിധ കെട്ടിടങ്ങൾ കണ്ടെത്തിയെങ്കിലും വാടക കൂടുതലായതിനാൽ പലരും പിന്മാറി. വാഹന പാർക്കിംഗ് സൗകര്യവും ഉണ്ടാകണം.
ജീവനക്കാരുടെ എണ്ണമനുസരിച്ചുള്ള സ്ഥലസൗകര്യം കണക്കിലെടുത്തുള്ള കെട്ടിടമാണ് ഓഫീസുകൾക്ക് ആവശ്യമായിട്ടുള്ളത്. താലൂക്ക് ഓഫീസിന് 4,400 ചതുരശ്ര അടിയുള്ള കെട്ടിടമാണ് ആവശ്യം. രേഖകൾ സൂക്ഷിക്കാനായി 800 ചതുരശ്രയടി വിസ്തീർണം വേണം.
കോടതികൾക്കായി ടെലിഫോൺ ഭവൻ നോക്കിയെങ്കിലും വാടക കൂടുതലായതിനാൽ അതും പിന്മാറി. കടമ്മനിട്ട റോഡിൽ അടഞ്ഞുകിടക്കുന്ന സ്വകാര്യ ആശുപത്രി കെട്ടിടവും കോടതിക്കായി പരിശോധിച്ചു. എത്രയുംവേഗം ബദൽ സൗകര്യം കണ്ടെത്തി മാറാത്ത സ്ഥാപനങ്ങൾക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
മിനി സിവിൽ സ്റ്റേഷൻ കെട്ടിടം കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായതിനേതുടർന്ന് സ്ട്രെക്ചറൽ സ്റ്റബിലിറ്റി അസെസ്മെന്റ് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കോടതികളും വിവിധ ജില്ലാ ഓഫീസുകളും ഉൾപ്പെടെ 24 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 1982ൽ ജില്ലാ രൂപീകരണത്തോടനുബന്ധിച്ച് നിർമിച്ചതാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം.
ഓഫീസുകൾ പൂർണമായി മാറ്റിയശേഷം നിലവിലുള്ള മിനി സിവിൽ സ്റ്റേഷൻ പൊളിച്ചു മാറ്റാനാണ് ആലോചന. അഞ്ചു നിലയുള്ള കെട്ടിടത്തിനു നാല് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. വിള്ളൽ വീണ തൂണുകളും കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്തു നിൽക്കുന്ന ചുവരുകളും കെട്ടിടത്തിന്റെ പല ഭാഗത്തായുണ്ട്.
കോടതി സമുച്ചയം നിർമാണം അനിശ്ചിതത്വത്തിൽ
പത്തനംതിട്ട: പത്തനംതിട്ടയിൽ കോടതി സമുച്ചയം നിർമിക്കാൻ സ്ഥലമേറ്റെടുത്തെങ്കിലും കെട്ടിട നിർമാണം അനിശ്ചിതത്വത്തിൽ. പത്തനംതിട്ട മേലെ വെട്ടിപ്പുറം ഭാഗത്ത് 20 കോടി രൂപ ചെലവിൽ ഏറ്റെടുത്ത വസ്തുവിൽ 120 കോടി ചെലവഴിച്ച് കോടതി സമുച്ചയം നിർമിക്കാനായിരുന്നു തീരുമാനം. കെട്ടിടം നിർമിക്കാനാവശ്യമായ ഫണ്ട് ലഭ്യമാകാതെ വന്നതോടെയാണ് നിർമാണം വൈകുന്നത്.
ജില്ലാ ആസ്ഥാനത്തെ വിവിധ കോടതികൾ ഒരു കുടക്കീഴിലെ കോടതികൾ സ്വന്തം സ്ഥലത്തു കൊണ്ടുവരണമെന്നത് ജില്ലാ രൂപീകരണ കാലഘട്ടം കൊണ്ടുള്ള ആവശ്യമാണ്.
24 തണ്ടപ്പേരിലുള്ള ആറ് ഏക്കർ സ്ഥലമാണ് 20 കോടി രൂപ ചെലവഴിച്ച് ഇതിനായി ഏറ്റെടുത്തത്.നിർദിഷ്ട സ്ഥലത്തിന്റെ ഉടമകളുമായി 2015 മുതൽ 2017 വരെ സ്ഥലവിലയെ സംബന്ധിച്ചു ചർച്ചകൾ നടന്നു. കോടതി ഇടപെടലുകളും ഇതിനിടെ ഉണ്ടായി. തുടർന്ന് സ്ഥലം ഏറ്റെടുക്കാനായി രണ്ട് ഘട്ടമായി സർക്കാർ 20 കോടി രൂപ അനുവദിച്ചു.
ബലക്ഷയത്തിലായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്നു കോടതികൾ മാറ്റി സ്ഥാപിക്കാനുള്ള കെട്ടിടംതേടി അധികൃതർ നെട്ടോട്ടമോടുകയാണിപ്പോൾ. എസ്പി ഓഫീസ് - മേലേവെട്ടിപ്രത്ത് റിംഗ് റോഡിന്റെ സൈഡിൽ ആറ് ഏക്കർ ഭൂമിയാണ് ജില്ലാ കോടതിക്കായി കണ്ടെത്തിയത്. പത്ത് കോടതികളാണ് ഈ കെട്ടിട സമുച്ചയത്തിൽ വരേണ്ടത്. ബജറ്റിൽ ആവശ്യമായ പണം അനുവദിച്ചെങ്കിൽ മാത്രമേ കെട്ടിട നിർമാണം സാധ്യമാകൂ.
എന്നാൽ കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിലും പത്തനംതിട്ടയിൽ കോടതി സമുച്ചയം പണിയാൻ തുക വകയിരുത്തിയിട്ടില്ല . ജില്ലാ ആസ്ഥാനത്തെ പത്ത് കോടതികൾ സിവിൽ സ്റ്റേഷനിലും നാലെണ്ണം വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. 2009 ൽ പത്തനംതിട്ട ബാർ അസോസിയേഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതി സമുച്ചയം നിർമിക്കാൻ സർക്കാർ അനുമതി നൽകിയത്. 2021 ൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്പുറത്ത് ആറേക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് ആഭ്യന്തര വകുപ്പിൽനിന്നു ഭരണാനുമതി ലഭിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ന്യായവില കളക്ടർ നിശ്ചയിച്ചു നൽകി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നൽകുന്നതിനും അതിനാവശ്യമായ തുക ലാൻഡ് അക്വിസിഷൻ ഓഫീസറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും തീരുമാനിച്ചത്.
നടപടി ക്രമങ്ങളിലെ കാലതാമസമാണ് കോടതി സമുച്ചയത്തിന് തടസമായത്. തുടക്കം മുതൽ പദ്ധതി മെല്ലെപ്പോക്കായിരുന്നു. 2021 ൽ അനുമതി കിട്ടിയെങ്കിലും സ്ഥലം ഏറ്റെടുക്കാനായി ഗസറ്റ് വിജ്ഞാപനം ഇറക്കിയത് 2023 മേയിലാണ്. പണത്തിന്റെ ലഭ്യതക്കുറവു കാരണം നടപടികൾ മുന്നോട്ടു പോയില്ല. ഭൂമി ഏറ്റെടുത്ത് റവന്യു വിഭാഗം അറിയിപ്പ് നൽകുന്നതിനും കാലതാമസമുണ്ടായി. ഏറ്റെടുത്ത സ്ഥലം അളന്നു തിട്ടപ്പെടുത്തി അതിരുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് നീക്കങ്ങൾ ഉണ്ടായില്ല. പണം അനുവദിക്കുന്നതിന് കാര്യമായ സമ്മർദങ്ങളും ഉണ്ടായില്ല.
പ്രിൻസിപ്പൽ ജില്ലാ കോടതി, നാല് അഡീഷണൽ ജില്ലാ കോടതി, രണ്ട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി, ഓരോന്നും വീതം പോക്സോ കോടതി, ഇതിനു പുറമേ എംഎസിടി കോടതി, മുൻസിഫ് കോടതി, സബ് കോടതി എന്നിവയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ ഓഫീസും മിനി സിവിൽ സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്. കുടുംബക്കോടതി അടക്കം മുനിസിപ്പൽ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നുണ്ട്.
Tags : nattu vishesham court and government offices dilapidated