മഞ്ചേരി പുല്ലഞ്ചേരി മേക്കോണം കുന്നിലെ ആനപ്പാറ പൊളിച്ചുനീക്കാനുള്ള പ്രവൃത്തി തുടങ്ങിയപ്പോള്‍.
മഞ്ചേരി: പുല്ലഞ്ചേരി മേക്കോണം നിവാസികളുടെ ഉറക്കം കെടുത്തിയ കുന്നിനുമുകളിലെ കൂറ്റന്‍പാറ പൊളിച്ചുനീക്കാന്‍ നടപടിയായതോടെ ആശ്വാസമായത് നിരവധി കുടുംബങ്ങള്‍ക്ക്. ആനപ്പാറ എന്നറിയപ്പെടുന്ന ഈ വലിയ പാറ ഏതു നിമിഷവും താഴേക്ക് പതിക്കുന്ന നിലയിലായിരുന്നു. ആധുനിക ഡ്രില്‍ മെഷീനുകളും കട്ടറുകളും ഉപയോഗിച്ച് കഷ്ണങ്ങളാക്കിയാണ് പാറ പൊളിച്ചുനീക്കുന്നത്.
ഇത് പൂര്‍ണമായും നീക്കുന്നതോടെ പ്രദേശവാസികളായ 15-ഓളം കുടുംബങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് നിറവേറിയത്. പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്ത സാഹചര്യത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എം. ഹുസൈന് മുന്നിട്ടിറങ്ങി പരാതി നല്‍കിയതോടെയാണ് ആനപ്പാറ പൊളിച്ചുനീക്കാന്‍ നടപടിയായത്. നഗരസഭാ അധികൃതരും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി പ്രതിനിധികളും സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
അപകടാവസ്ഥ മനസിലാക്കിയ സംഘം ഉടന്‍ കല്ല് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. പാണക്കാട് വില്ലേജ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി തുടരുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കനത്ത മഴയില്‍ കുന്നിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള ഈ പ്രദേശം സമീപത്തെ വീടുകള്‍ക്കും വലിയ ഭീഷണിയാണ്.
Tags : Nattuvishesham District News