രാമങ്കരി ജംഗ്ഷനിലെ ഫുഡ് പാത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ടൂ വീലർ, കാർ ഇടിച്ച് പൂർണമായി തകർന്ന നിലയിൽ.
രാമങ്കരി: എസി റോഡിൽ ഇരുവശവും അശാസ്ത്രീയ ഫുട്് പാത്ത് നിർമിച്ചതിനെ തുടർന്ന് പാർക്ക് ചെയ്യാൻ സൗകര്യമില്ലാതെ വലുതും ചെറുതുമായ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാകുന്നു. യാത്രക്കാരുടെയും വാഹനങ്ങളുടെയും വലിയ തിരക്ക് അനുഭവപ്പെടുന്ന മങ്കൊന്പ്, നെടുമുടി, രാമങ്കരി, മാന്പുഴക്കരി, കിടങ്ങറ തുടങ്ങിയ ജംഗ്ഷനുകളിലാണ് നിത്യേന അപകടങ്ങൾ വർധിച്ചുവരുന്നത്.
ആലപ്പുഴയിൽനിന്നും ചങ്ങനാശേരിയിലേക്കുള്ള യാത്രാമധ്യേ നിയന്ത്രണംവിട്ട കാർ ഇടിച്ച് രാമങ്കരി ജംഗ്ഷനിലെ ഫുട് പാത്തിന് സമീപം പാർക്ക് ചെയ്യ്തിരുന്ന രണ്ടു ടൂ വീലറുകൾ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തകർന്നതാണ് അവസാനസംഭവം.
റോഡിന് നിലവിലുണ്ടായിരുന്ന വീതി നശിപ്പിച്ചുകൊണ്ട് കോടിക്കണക്കിന് രൂപ മുടക്കി പുതിയ ഫുട്പാത്ത് നിർമിച്ച ഘട്ടത്തിൽതന്നെ ഇതിനെതിരേ നാട്ടുകാരുടെ എതിർപ്പ് ശക്തമായിരുന്നു.
എന്നാൽ അന്ന് നിർമാണത്തിന്റെ ചുമതല വഹിച്ചിരുന്ന ഊരാളുങ്കൽ കന്പനിയോ കെഎസ്ടിപിയോ ഈ എതിർപ്പ് കണക്കിലെടുക്കുവാൻ തയാറായില്ല.
ഇതിന്റെ ഫലമെന്നോണം റോഡിനു മുന്പ് ഉണ്ടായിരുന്ന വീതി മൂന്നിലൊന്ന് ഭാഗം കുറഞ്ഞെന്ന് മാത്രമല്ല, വലിയ രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം തമ്മിലുരസാതെ കടന്നു പോകുന്നതു പോലും ബുദ്ധിമുട്ടാകുകയും ചെയ്തു. കൂടാതെ ഫുട്പാത്തിനോട് ചേർന്ന് പാർക്ക് ചെയ്യുന്ന ചെറുതും വലുതുമായ വാഹനങ്ങളിൽ തട്ടുന്നതും അപകടങ്ങൾ സംഭവിക്കുന്നതും പതിവ് സംഭവമാണ്. കൂടാതെ ടൂവീലർ യാത്രക്കാരും മറ്റും അപകടത്തിൽ പെട്ട് ജീവൻ പൊലിയുന്ന സംഭവങ്ങളും വർധിക്കുകയാണ്.
റോഡിനു മുന്പ് ഉണ്ടായിരുന്ന വീതി ഇല്ലായ്മ ചെയ്യുന്ന അനാവശ്യ ഫുട്പാത്ത് പൊളിച്ചുമാറ്റാനും റോഡിൽ ദിനം പ്രതി വർധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുവാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ടൂ വീലറുകളുടെ ഗണത്തിൽ പെടുന്ന വാഹനങ്ങൾക്ക് പലപ്പോഴും വളരെ ചെറിയ തുകയുടെ ഫുൾ കവർ ഇൻഷ്വറൻസ് മാത്രമാണ് കാണുക. അതുകൊണ്ടുതന്നെ റ്റോട്ടൽ ലോസ് വരുന്ന സംഭവങ്ങളിൽ ഉടമയക്ക് നാമമാത്ര ഇൻഷ്വറൻസ് തുക മാത്രമാണ് ലഭിക്കുക. ബാക്കി തുകയുടെ നഷ്ടം ഉടമ സഹിക്കേണ്ടിവരുകയാണ് പതിവ്.
വായ്പ എടുത്തും മറ്റും വാങ്ങിയിട്ടുള്ള വാഹനമാണങ്കിൽ വലിയൊരു ബാധ്യതയും കൂടി ഇവർ വഹിക്കേണ്ടിവരുന്നത് പലരുടെയും ജീവതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.