നിലമ്പൂർ : നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പനിരോഗികളുടെ എണ്ണം കൂടുന്നു. സാധാരണ വൈറൽപ്പനി രോഗികൾക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ബാധിച്ചും രോഗികൾ ആശുപത്രിയിലെത്തുന്നുണ്ട്. ഇന്നലെ കോവിഡ് ബാധിച്ച ഒരു രോഗിയും പന്നിപനി ബാധിച്ച ഒരു രോഗിയും ഡെങ്കിപ്പനി ബാധിച്ച് നാലുപേരും എലിപ്പനി ബാധിച്ച രണ്ടുപേരും മഞ്ഞപ്പിത്തം ബാധിച്ച 10 പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കാരപ്പുറം സ്വദേശിയായ ഒരു രോഗി കോളറ ബാധ സംശയിച്ചും ചികിത്സയിലുണ്ട്. കോളറ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആശുപത്രിയിലെത്തുന്ന രോഗികൾ മരുന്നില്ലാതെ വലയുകയാണ്.
കാളികാവ് മേഖലയിൽനിന്നെത്തിയ രോഗികളാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ളത്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ കൂടുതൽപേരും കുറുന്പലങ്ങോട്, ചുങ്കത്തറ മേഖലയിൽനിന്നുള്ളവരാണ്. ജില്ലാ ആശുപത്രിയിൽ ശരാശരി 1500 രോഗികളാണ് ദിവസവും വരുന്നത്. 200ഓളം രോഗികൾ കിടപ്പുരോഗികളായും ആശുപത്രിയിലുണ്ട്. മാസങ്ങളായി മരുന്നുക്ഷാമം നിലന്പൂർ ജില്ലാ ആശുപത്രിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ഇൻഷ്വറൻസ് പദ്ധതിയുടെ പ്രവർത്തനവും താളംതെറ്റിയ അവ സ്ഥയിലാണ്. കാസ്പ് വഴി ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ മുടങ്ങിയിട്ട് മാസങ്ങളായി.
സമീപത്തെ സ്വകാര്യ സ്കാനിംഗ് കേന്ദ്രത്തിൽനിന്ന് പട്ടികവർഗ വിഭാഗത്തിനും ഗർഭിണികൾക്കും ലഭിച്ചിരുന്ന ഇൻഷ്വറൻസ് ആനുകൂല്യങ്ങളും മുടങ്ങി. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കീഴിൽ ജില്ലാ ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന കാരുണ്യ ഫാർമസിയിലും അത്യാവശ്യ മരുന്നുകൾ ലഭ്യമല്ല.
ജില്ലാ ആശുപത്രിയിലെത്തുന്ന പനിരോഗികളുടെ എണ്ണം വർധിച്ചതോടെ പനി ക്ലീനിക്കിന്റെ പ്രവർത്തനം തുടങ്ങിയത് ആശ്വാസമായിട്ടുണ്ട്. വൈകുന്നേരം ഒപി പ്രവർത്തിക്കുന്നുണ്ട്. ഇതോടെ അത്യാഹിത വിഭാഗത്തിൽ ഉച്ചകഴിഞ്ഞ് തിരക്ക് കുറവുണ്ട്. ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെയാണ് സായാഹ്ന ഒപി പ്രവർത്തിക്കുന്നത്.
Tags : Local News Nattuvishesham Malappuram