കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് പാതയോരം വൃത്തിയാക്കിയപ്പോള്‍.
തൊടുപുഴ: നഗരത്തില്‍ അപകടാവസ്ഥയിലായിരുന്ന മൂന്നുനില കെട്ടിടം പൊളിച്ചുമാറ്റുന്ന നടപടികള്‍ പൂര്‍ത്തിയായി. നഗരത്തിലേര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു.
വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയ ജോലികള്‍ ശനിയാഴ്ച രാത്രിയാണ് പൂര്‍ത്തിയായത്. ഇവിടെനിന്നുള്ള അവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്തു. നഗരത്തിലെ ഗതാഗത നിയന്ത്രണവും രാത്രിയോടെ നീക്കിയിരുന്നു.
ജില്ലയില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കെട്ടിടം ദുരന്തനിവാരണ നിയമപ്രകാരം അടിയന്തരമായി പൊളിച്ചുനീക്കാന്‍ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് ഉത്തരവിടുകയായിരുന്നു.
പിഡബ്ല്യുഡി നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയറുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചത്. ശനിയാഴ്ച രാത്രിതന്നെ മണ്ണും കോണ്‍ക്രീറ്റും ഇരുമ്പ് കമ്പികളും തടിയവശിഷ്ടങ്ങളും മാറ്റി. അഗ്നിരക്ഷാസേനയെത്തി റോഡും പരിസരവും വൃത്തിയാക്കി. ചെളി മാറാന്‍ പാറമണലും വിരിച്ചു. സമീപത്തെ പാലമരം ഇന്നലെ സ്ഥലമുടമയായ സ്വകാര്യ വ്യക്തിതന്നെ വെട്ടിമാറ്റുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും വൈകുന്നേരം വരെ ഇതു വെട്ടിയിട്ടില്ല. തിട്ടയ്ക്കു മുകളില്‍ നില്ക്കുന്നതിനാല് മരം അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്.