കോന്നി: മീൻവിപണിയിൽ രാസവസ്തുക്കൾ കലർത്തി മത്സ്യവിപണനം. പിടയ്ക്കുന്ന മീൻ എന്ന പേരിൽ വിപണിയിലെത്തുന്നവയിൽ ഭൂരിഭാഗവും പഴകിയതും കേടുപാടുകൾ കൂടാതെയിരിക്കാൻ മാരകമായ ഫോർമലിൻ, അമോണിയം തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതുമാണെന്ന ആശങ്ക ശക്തമായി തുടരുന്നു. ട്രോളിംഗ് നിരോധനംകൂടി ആയതോടെ പഴകിയ മത്സ്യത്തിന്റെ കച്ചവടമാണ് ഏറെയും നടക്കുന്നത്.
കടലിൽ പോകുന്ന ബോട്ടുകൾ മത്സ്യം പിടിച്ച ശേഷം തിരിച്ചെത്താൻ ദിവസങ്ങളെടുക്കുന്നു. നിയമപ്രകാരം പിടിക്കുന്ന മത്സ്യം മൈനസ് 18 ഡിഗ്രി ഊഷ്മാവിൽ ഫ്രീസറിൽ സൂക്ഷിക്കണം. വിപണിയിൽ എത്തുമ്പോൾ ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന കണക്കിൽ ഐസിൽ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, ചെലവു കുറയ്ക്കാനും കൂടുതൽ ലാഭത്തിനുമായി വ്യാപാരികൾ ഈ നിബന്ധനകൾ കാറ്റിൽ പറത്തുകയാണ്.
മൊത്തവിതരണക്കാർ മുതൽ ചില്ലറ കച്ചവടക്കാർ വരെ പല ഘട്ടങ്ങളിൽ രാസവസ്തുക്കൾ ചേർക്കാൻ സാധ്യതയുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ സമ്മതിക്കുന്നു. ഇറക്കുമതി ചെയ്യുന്ന മത്സ്യത്തിൽ രാസവസ്തുക്കൾ ഉണ്ടോയെന്ന് തിരിച്ചറിയാൻ പലപ്പോഴും വിതരണക്കാർക്ക് പോലും കഴിയാറില്ല.
ആരോഗ്യത്തിന് വില്ലനായി രാസവസ്തുക്കൾ
മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന അമോണിയം, ഫോർമാലിൻ തുടങ്ങിയവ ശരീരത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. തുടർച്ചയായി രാസവസ്തുക്കൾ കലർന്ന മത്സ്യം കഴിക്കുന്നത് അൾസർ, ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകൽ, കാൻസർ തുടങ്ങിയ മാരക രോഗങ്ങൾക്ക് കാരണമാകാം.
ഛർദി, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവയ്ക്കും ഇത്തരം മത്സ്യം കാരണമാകുന്നു. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഇതിന്റെ പ്രത്യാഘാതം കൂടുതൽ ഗുരുതരമായി കണ്ടുവരുന്നത്.
ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ പലയിടത്തും പ്രഹസനമായി മാറുകയാണ്. പഴകിയ മീനിന്റെ വില്പനയിൽ തുണയാകുന്നതും പരിശോധനകളുടെ അഭാവമാണ്. പരിശോധനയിൽ കുടുങ്ങിയാൽതന്നെ പിഴയടച്ച് രക്ഷപ്പെടുന്നതാണ് രീതി. എന്നാൽ, ശക്തമായ നടപടി ഉണ്ടായാൽ വിപണിയിലെ പച്ചപ്പ് നിലനിർത്താനാകുമെന്ന് ഉപഭോക്താക്കൾ പറയുന്നു.
പരിശോധനാരീതിയും വെല്ലുവിളികളും
ഭക്ഷ്യസുരക്ഷാ വിഭാഗം ക്വിക് കിറ്റുകൾ ഉപയോഗിച്ചാണ് പ്രാഥമിക പരിശോധന നടത്തുന്നത്. മത്സ്യത്തിന്റെ പുറത്ത് സ്ട്രിപ് ഉരസിയ ശേഷം ലായനിയിൽ മുക്കി നിറവ്യത്യാസം നോക്കിയാണ് രാസവസ്തു സാന്നിധ്യം കണ്ടെത്തുന്നത്. എന്നാൽ, അമിത അളവിലുള്ള രാസവസ്തുക്കൾ ഉണ്ടെങ്കിൽ മാത്രമേ ഈ പരിശോധന ഫലപ്രദമാകൂ. സൂക്ഷ്മമായ പരിശോധനയ്ക്ക് ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും ഫലം വരാൻ എടുക്കുന്ന കാലതാമസവും അധികൃതർക്ക് വലിയ വെല്ലുവിളിയാണ്.
നല്ല മത്സ്യം തിരിച്ചറിയാം
വിപണിയിൽനിന്ന് നല്ല മത്സ്യം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു. പച്ചമീനിന് സ്വാഭാവികമായ തിളക്കമുണ്ടാകും. ശരീരത്തിൽ വിരൽ അമർത്തുമ്പോൾ അത് അകത്തേക്ക് ചുരുങ്ങിപ്പോകുകയാണെങ്കിൽ അത് പഴകിയ മീനാണ്.
രാസവസ്തുക്കളുടെ രൂക്ഷമായ മണമോ അസ്വാഭാവിക ദുർഗന്ധമോ ഉണ്ടെങ്കിൽ പഴകിയതെന്ന് ഉറപ്പിക്കാം. മീനിന്റെ കണ്ണുകളിൽ തിളക്കമുണ്ടായിരിക്കണം. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പ് നിറമാണെങ്കിൽ അത് പച്ചമീനാണെന്ന് ഉറപ്പിക്കാം.
Tags : Local News Nattuvishesham Pathanamthitta