കാരുണ്യ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച നാഷണൽ ഡിജിറ്റൽ ഫെസ്റ്റ് ടെക് ടോക് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമർ ആര്യൻ.
പുതുപറമ്പ്: കാരുണ്യ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സംഘടിപ്പിച്ച സെക്കൻഡ് എഡിഷൻ നാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ ടെക് ടോക് മത്സരത്തിൽ കോട്ടക്കൽ പുതുപറന്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഒമർ ആര്യൻ ഒന്നാം സ്ഥാനവും പതിനായിരം രൂപ കാഷ് അവാർഡും കരസ്ഥമാക്കി.
ഗ്രാമപ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് സുരക്ഷിതമായി സ്കൂളിൽ പോകുന്നതിന് സഹായകമാകുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന "ദ് ഫ്ളൈയിംഗ് സ്കൗട്ട്’ എന്ന മൈക്രോ-ഡ്രോണ് സങ്കൽപ്പമാണ് ഒമറിനെ വിജയത്തിലേക്ക് നയിച്ചത്.
വലിയ ക്ലൗഡ് സെർവറുകളുടെ സഹായമില്ലാതെ ഡ്രോണിൽ തന്നെ തത്സമയം വിവരങ്ങൾ പ്രോസസ് ചെയ്യാൻ സാധിക്കുന്ന എഡ്ജ് എഐ സ്മോൾ ലാംഗ്വേജ് മോഡൽ എന്നീ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഈ ആശയം അവതരിപ്പിച്ചത്. തെരുവുനായകളെപ്പോലുള്ളവയുടെ അപകടങ്ങൾ മുൻകൂട്ടി കണ്ട് മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിന് കഴിയും.
സ്കൂളിലെ കംപ്യൂട്ടർ വിഭാഗം അധ്യാപകരുടെ മേൽനോട്ടത്തിലുള്ള നിരന്തരമായ പരിശീലനം വിദ്യാർഥികളെ ഡിജിറ്റൽ ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തരാക്കി. സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒമർ ആര്യനെ അനുമോദിച്ചു.
ചടങ്ങിൽ സിസ്റ്റർ ജെന്നിഫർ ജോർജ് (പ്രിൻസിപ്പൽ), ഫാ. വിൻസെന്റ് കറുകമാലിൽ (ഇടവക വികാരി), ശരത്നാഥ്(പിടിഎ പ്രസിഡന്റ്്), മുഹമ്മദ് ഷാഫി (സ്കൂൾ ഡവലപ്മെന്റ് എക്സിക്യൂട്ടീവ്), വിനോദ് (പിടിഎ ട്രഷറർ) എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram