ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ തെളിമയുടെ ഭാഗമായി നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ നിന്ന്.
ആലപ്പുഴ: സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ വകുപ്പിന്റെ പ്രത്യേക പരിശോധന, ഓപ്പറേഷൻ തെളിമയിലൂടെ 117 പരിശോധനകൾ ജില്ലയിൽ നടത്തി. 16 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു. അസി.ഫുഡ് സേഫ്റ്റി കമ്മീഷണർ വൈ.ജെ. സുബിമോളിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി നടത്തിയ ദ്വിദിന പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരേ 49 കോമ്പൗണ്ടിംഗ് നടപടികൾക്ക് ശുപാർശ ചെയ്തു.
101.5 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ നീക്കം ചെയ്തു. 22 റെക്ടിഫിക്കേഷൻ നോട്ടീസുകളും 16 അടച്ചുപൂട്ടൽ നടപടികളും അഞ്ചു ഇംപ്രൂവ്മെന്റ് നോട്ടീസുകളും രണ്ട് അഡ്ജുഡിക്കേഷൻ ശുപാർശകളും സ്വീകരിച്ചു. പരിശോധനകളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതും ഭക്ഷ്യസുരകക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിത്വരഹിതമായ സാഹചര്യങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതും കണ്ടെത്തി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം ഭക്ഷ്യവസ്തുക്കൾ നിയമാനുസൃത നടപടികൾ സ്വീകരിച്ച് സ്ഥലത്തുവച്ചു തന്നെ നീക്കം ചെയ്ത് നശിപ്പിച്ചു.
പരിശോധനകളിൽ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളിലെ ശുചിത്വം, ഭക്ഷ്യവസ്തുക്കളുടെ കാലാവധി, മാംസ ഉത്പന്നങ്ങളുടെ സുരക്ഷിതമായ സംഭരണവും കൈകാര്യം ചെയ്യലും തുടങ്ങിയവയും പ്രത്യേകം പരിശോധിച്ചു. ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ നിയമാനുസൃത നടപടികൾ തുടരുമെന്നു അസി.ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.
Tags : District News Nattuvishesham Operation Thelima' Food Safety