കുങ്കിയാനകളായ വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി സൃഷ്ടിച്ച "കണ്ണൂർ മഖ്ന-1' മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന് കരുത്തായി എത്തിയ മൂന്ന് കുങ്കിയാനകൾ നേരത്തെ കാട് വിറപ്പിച്ചിരുന്ന കൊമ്പന്മാർ. മുത്തങ്ങ ആനപരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയ വിക്രം, ഭരത്, ഉണ്ണികൃഷ്ണൻ എന്നിവരാണ് ഹീറോകളായത്. അക്രമകാരികളായ ഇവരെ മയക്കുവെടിവച്ച് പിടികൂടി നീണ്ടപരിശീലനം നൽകിയാണ് വനം വകുപ്പിന്റെ ലക്ഷണമൊത്ത കുങ്കി ആനകളായി മാറ്റുന്നത്.
പരിശീലകരുമായി മെരുങ്ങുന്നതോടെ കൊമ്പൻമാരെ ആന പ്രതിരോധ പ്രവർത്തങ്ങൾക്കായി നിയോഗിക്കും. വേഗതയും പ്രതിരോധത്തിലെ മികവുമാണ് മൂന്ന് കുങ്കിയാനകളെയാണ് ആറളത്തെ ഓപ്പറേഷൻ കണ്ണൂർ മഖ്നക്കായി എത്തിച്ചത്. നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്ത ഇവർ വനം വകുപ്പിന്റെ ഏറ്റവും വിശ്വസ്തരായ കുങ്കി ആനകളാണ്. അതുകൊണ്ട് തന്നെയാണ് അതിശക്തനായ മോഴയെ തളയ്ക്കാൻ ഇവരെ ആറളത്ത് എത്തിച്ചതും.
വയനാടിനെ വിറപ്പിച്ച വിക്രം
വയനാട്ടിൽ മനുഷ്യർക്കും കൃഷിക്കും ഭീഷണിയായി ആനയായിരുന്നു വിക്രം. നാലാനകളടങ്ങിയ കൂട്ടത്തിന്റെ നേതാവായിരുന്ന വിക്രം. വടക്കനാട് മേഖലയിൽ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. 2018ൽ ഒരു ആദിവാസി യുവാവിനെ കൊലപ്പെടുത്തിയതോടെയാണ് ആനയെ പിടികൂടാൻ തീരുമാനിച്ചത്. കൊലയ്ക്കുശേഷം കർണാടക വനത്തിലേക്ക് കടന്ന വിക്രമിനെ ഒമ്പത് മാസത്തിന് ശേഷം 2019 ലാണ് പിടികൂടിയത്. തുടർന്ന് പരിശീലനം നൽകി കുങ്കിയാനയാക്കി മാറ്റുകയായിരുന്നു. നീളമുള്ള കൊമ്പുകളും നിലത്തുതൊടുന്ന തുമ്പിക്കൈയുമാണ് വിക്രമിന്റെ പ്രത്യേകത. 2023ൽ പാലക്കാട് ധോണി മേഖലയിൽ പ്രശ്നക്കാരനായ പിടി-7 എന്ന കാട്ടാനയെ പിടികൂടിയ ദൗത്യത്തിലും വിക്രം പങ്കാളിയായിരുന്നു. 2026 ഏപ്രിലിൽ വയനാട്ടിലെ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രം ഉൾപ്പെടെ മുത്തങ്ങയിലെ കുങ്കികൾ പങ്കെടുത്തു.
കല്ലൂർ കൊമ്പൻ എന്ന ഭരത്
ഭരതിന്റെ കഥയും വ്യത്യസ്തമല്ല. വയനാട്ടിലെ കല്ലൂർ മേഖലയിൽ നിരന്തരം കൃഷിയിടങ്ങളിലിറങ്ങി പ്രശ്നമുണ്ടാക്കിയിരുന്ന ആനയായിരുന്നു ഭരത്. 2016 നവംബർ 22ന് കർഷകനെ ആക്രമിച്ചതിനെത്തുടർന്ന് മയക്കുവെടി നൽകി പിടികൂടുകയായിരുന്നു. തുടർന്ന് ദീർഘകാലം ആനക്കൊട്ടിലിൽ പാർപ്പിച്ച് പരിശീലനത്തിലൂടെ കുങ്കിയാനയാക്കി മാറ്റി. 2018 ഒക്ടോബറിൽ തുറന്ന ആനക്കൂട്ടിലേക്ക് മാറ്റിയ ശേഷമാണ് ഭരത് എന്ന പേര് ലഭിച്ചത്. പിന്നീട് പ്രശ്നക്കാരായ കാട്ടാനകളെ നിയന്ത്രിക്കുന്ന വിവിധ ദൗത്യങ്ങളിൽ ഭരത് പങ്കാളിയായി. 2023ൽ പിടി-7നെ പിടികൂടാനുള്ള ദൗത്യത്തിലും വിക്രമിനൊപ്പം ഭരതും നിർണായക സാന്നിധ്യമായിരുന്നു.
ചെറുപ്പക്കാരൻ ഉണ്ണികൃഷ്ണൻ
മുത്തങ്ങയുടെ ആനപരിശീലന കേന്ദ്രത്തിൽ നിന്നാണ് ഉണ്ണികൃഷ്ണനെയും ആറളത്തേക്ക് എത്തിച്ചത്. മൂന്ന് കുങ്കി ആനകളിൽ പ്രായംകൊണ്ട് ചെറുപ്പം ഉണ്ണികൃഷ്ണനാണ്. 2026 സെപ്റ്റംബർ അവസാനത്തോടെ വിക്രത്തിനും ഭരതിനും പിന്നാലെ മൂന്നാമത്തെ കുങ്കിയായാണ് ഉണ്ണികൃഷ്ണൻ വളയംചാലിലെത്തിയത്. 2025ൽ വയനാട്ടിലെ പൂളക്കുന്ന് മേഖലയിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിൽ ഉണ്ണികൃഷ്ണനും വിക്രമും പങ്കെടുത്തിരുന്നു. 2026 ഏപ്രിലിൽ മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലും ഉണ്ണികൃഷ്ണൻ പങ്കെടുത്തു. മേയിൽ വയനാട്ടിലെ കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിനുള്ള പട്രോളിംഗ് ദൗത്യത്തിലും വിന്യസിച്ചിരുന്നു.
Tags : District News Nattuvishesham Three tuskers Aralam's 'Kunkis'