തൂഫാൻ വാരിയേഴ്സ് യോഗം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ജില്ലയില്‍ ലഹരി വേട്ട ശക്തമാക്കി ഓപ്പറേഷന് തൂഫാന്. കഴിഞ്ഞ ഒന്നിന് തുടക്കമിട്ട പ്രത്യേക പരിശോധനകള്‍ കൊച്ചി നഗരപരിധിയില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ എന്‍ഡിപിഎസ് നിയമപ്രകാരം പോലീസ് 129 കേസുകളും 145 അറസ്റ്റും രേഖപ്പെടുത്തി. റൂറല്‍ ജില്ലയിലും പരിശോധനകള്‍ ശക്തമാക്കുകയാണ് പോലീസ്. ഏഴിന് പെരുമ്പാവൂരില്‍ ഒരുദിവസം മുഴുവന്‍ നീണ്ടുനിന്ന പരിശോധനയില്‍ മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയതിന് 11 ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടിയിരുന്നു.
കൊച്ചിയിലെ പരിശോധനകളുടെ ഭാഗമായി 8.867 കിലോഗ്രാം കഞ്ചാവും 443.86 ഗ്രാം എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു. ഒരു കേസില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കേസുകളില്‍ പിടിച്ചെടുത്തവ ഇടത്തരം അളവിലുള്ള മയക്കുമരുന്നാണ്. ചെറിയ അളവില്‍ ഉള്‍പ്പെടുന്ന 80 കേസുകളും മയക്കുമരുന്ന് ഉപഭോഗവുമായി ബന്ധപ്പെട്ട 45 കേസുകളും ആദ്യ ആഴ്ചയില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തു.
തൃക്കാക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൂന്ന് യുവാക്കളില്‍ നിന്നായി 437.28 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതാണ് നിലവിലെ വലിയ കേസ്. തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് വില്പനക്കാരെയും മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകളേയും നിരീക്ഷിക്കുന്നതിനായി സിറ്റി പോലീസ് പ്രത്യേക സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ട്. റൂറല്‍ ജില്ലയില്‍ ഏറ്റവുമധികം ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പെരുമ്പാവൂരിലും പോലീസ് പരിശോധനകള്‍ ശക്തമാക്കി. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ ഇതരസംസ്ഥാന തൊഴിലാളികളുടെ കേന്ദ്രങ്ങളിലടക്കം പരിശോധനകള്‍ നടക്കുന്നുണ്ട്.
രഹസ്യവിവരങ്ങൾ നൽകാൻ വിദ്യാർഥി യോദ്ധാക്കൾ
ആലുവ: ലഹരി മാഫിയയെ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ യജ്ഞത്തിന്റെ ഭാഗമായി റൂറൽ ജില്ലയിലെ നൂറോളം വിദ്യാർഥികളെ തൂഫാൻ വാരിയർമാരായി നിയോഗിച്ചു. മയക്കുമരുന്ന് വിതരണം, ഉപയോഗം എന്നിവയെക്കുറിച്ച് രഹസ്യവിവരങ്ങൾ പോലീസിനെ അറിയിക്കുകയാണ് യോദ്ധാക്കളുടെ ദൗത്യം.
റൂറൽ ജില്ലയിൽ തെരഞ്ഞെടുത്ത തൂഫാൻ വാരിയേഴ്സിന്റെ പ്രഥമ യോഗം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് എസ്പി പറഞ്ഞു. ഗുണപരമായ മാറ്റം ഇവരിലൂടെ സാധ്യമാകും. മയക്കുമരുന്നിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയങ്ങളിൽ പോലീസിന് അറിയിക്കണമെന്നും ഈ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എസ്പി പറഞ്ഞു.
ആലുവ ഐഎംഎ ഹാളിൽ നടന്ന യോഗത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാർഥികളുടെ സംശയങ്ങൾക്ക് ജില്ലാ പോലീസ് മേധാവി മറുപടി നൽകി. റൂറൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന വിദ്യാലയങ്ങളിൽ നിന്നാണ് തൂഫാൻ വാരിയേഴ്സിനെ തെരഞ്ഞെടുത്തത്. ഇവർക്ക് പ്രത്യേക പരിശീലനം നൽകും.
റൂറൽ ജില്ലയിൽ 33 കേസുകളാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 630 സ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി.
Tags : Local News Nattuvishesham Ernakulam