നെടുങ്കണ്ടം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയില്‍ വേദന സംഹാരി ഗുളികകളും സിറിഞ്ചുകളും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. 22 കാരായ നെടുങ്കണ്ടം പുതകില്‍ പ്രാഞ്ചി (ഫ്രാന്‍സിസ്), ചിറക്കുന്നേല്‍ അന്‍സില്‍, മഞ്ഞപ്പാറ മന്നിക്കല്‍ ജിബിന്‍ എന്നിവരെയാണ് നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന പ്രാഞ്ചി, അന്‍സില്‍ എന്നിവരെ പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കലുണ്ടായിരുന്ന കവറില്‍നിന്നു ഗുളികയും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വേദനസംഹാരി ഗുളികകള്‍ സോഡിയം ക്ലോറൈഡ് ലായനിയില്‍ ലയിപ്പിച്ചശേഷം ശരീരത്തിലേക്ക് കുത്തിവച്ച് ലഹരി കണ്ടെത്തുകയായിരുന്നു ഇവരുടെ രീതി. ഇതിനായി വേദന കുറഞ്ഞ ഇന്‍സുലിന്‍ ഇഞ്ചക്ഷന് സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. കവറില്‍നിന്നു കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയില്‍ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയില്‍ കപ്പളത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കുന്നതായും യുവാക്കള്‍ പറഞ്ഞു. വേദനസംഹാരി കുത്തിവച്ചശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാല്‍ രണ്ടു ദിവസത്തോളം ലഹരി നില്‍ക്കുമെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു.
കാന്‍സര്‍ ബാധിതര്‍ക്ക് കീമോതെറാപ്പിക്കുശേഷം നല്കുന്ന ടാപെന്റാഡോള്‍ എന്ന വേദനസംഹാരി ഗുളികകളാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. കട്ടപ്പനയിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്നുമാണ് ഇവര്‍ ഈ ഗുളിക വാങ്ങിയത്. ഈ മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ദിവാകര്‍ എന്നയാളാണ് 22,000 രൂപ നല്കി ഗുളിക വാങ്ങാന്‍ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോട് സമ്മതിച്ചു.
ദിവാകറിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഈ പ്രദേശത്തുനിന്നുതന്നെ മഞ്ഞപ്പാറ സ്വദേശി ജിബിനെ കഞ്ചാവ് വലിക്കുന്നതിനിടെ പിടികൂടിയത്. ഇയാളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.
പിടിച്ചെടുത്ത ഗുളികകള്‍ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നും പോലീസ് പറഞ്ഞു.
Tags : Operation Tufan Nedumkandam Nattuvishesham District news