മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർഥാടന കേന്ദ്രത്തിലെ അന്തോണിയൻ ഉദ്യാനത്തിൽ അധ്യാപകരും വിദ്യാർഥികളും വികാരി ഫാ. പോൾ തോമസ് കളത്തിലിനൊപ്പം.
മാള: കുട്ടികളെ മണ്ണിനോടും പ്രകൃതിയോടും അടുപ്പിക്കുന്നതിന്റെ ഭാഗമായി മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയത്തിലെ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ അന്തോണിയൻ ഉദ്യാനം മാതൃകയായി. അധ്യാപകരും കുട്ടികളും ചേർന്ന് നട്ടുവളർത്തിയ ആയിരത്തോളം ചെണ്ടുമല്ലിച്ചെടികളാണ് ദേവാലയാങ്കണത്തെ വർണാഭമാക്കുന്നത്.
ദേവാലയത്തിലെ ആരാധനകൾക്കാവശ്യമായ പുഷ്പങ്ങൾ പള്ളിമുറ്റത്ത് തന്നെ കൃഷിചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചെണ്ടുമല്ലി കൃഷിക്ക് തുടക്കമിട്ടത്. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ആരംഭിച്ച ഈ തോട്ടത്തിലെ പൂക്കൾ ഞായറാഴ്ചകളിലെ ദിവ്യബലികൾക്കും ചൊവ്വാഴ്ചകളിലെ നോവേന ദിവ്യബലികൾക്കും മാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് പൂമൂടൽ ചടങ്ങിനും ഉപയോഗിച്ചു.
ചെടികൾക്ക് വെള്ളമൊഴിക്കൽ, കളപറിക്കൽ, വളമിടൽ തുടങ്ങി പരിപാലനത്തിന്റെ എല്ലാ ഘട്ടങ്ങളിലും കുട്ടികളും വിശ്വാസപരിശീലന അധ്യാപകരും സജീവമായി പങ്കാളികളാകുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
അന്തോണീയൻ ഉദ്യാനത്തിന്റെ ഭാഗമായി കുട്ടികളും മാതാപിതാക്കളും ഇടവകയും ചേർന്ന് മൂന്നുവർഷത്തെ പരിപാലന കരാറിലൂടെ 100 ഫലവൃക്ഷങ്ങൾ പള്ളിപ്പറമ്പിൽ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറികൃഷിയും ദേവാലയാങ്കണത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന സെന്റ് ആന്റണീസിന്റെ ഊട്ടുസദ്യയ്ക്കാവശ്യമായ പച്ചക്കറികൾ ഈ കൃഷിയിടത്തിൽ നിന്നാണ് ലഭ്യമാക്കുന്നത്.
ഇടവക വികാരി ഫാ. പോൾ തോമസ് കളത്തിൽ നേതൃത്വം നൽകുന്ന പദ്ധതിയുടെ ഭാഗമായി 250 തെങ്ങിൻതൈകളും 2500 കപ്പത്തൈകളും നട്ടുപിടിപ്പിക്കുന്ന മാതൃകാകൃഷിയും പുരോഗമിക്കുകയാണ്.
പ്രകൃതി സ്നേഹവും കാർഷിക സംസ്കാരവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനൊപ്പം ദേവാലയത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്ന ശ്രദ്ധേയമായ പദ്ധതിയായാണ് അന്തോണീയൻ ഉദ്യാനം മാറിയിരിക്കുന്നത്.
Tags : NattuVishesham DistrictNews