ടിപ്പർ ലോറി
കോഴഞ്ചേരി: ജില്ലയിലെ റോഡുകളില്‍ ഭീതി വിതച്ച് ടിപ്പർ, ടോറസ് ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും. സമയം തെറ്റിയുള്ള മരണപ്പാച്ചിലും അമിതഭാരം കയറ്റിയുള്ള യാത്രയും കാരണം അപകടങ്ങളും ജീവഹാനിയും വര്‍ധിച്ചുവരികയാണ്.
മണ്ണ്, പാറ ഉത്പന്നങ്ങള്‍ എന്നിവയുമായി പായുന്ന കൂറ്റന്‍ ടോറസുകള്‍ പ്രഭാതസവാരി നടത്തുന്നവര്‍ക്കും മറ്റ് കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രികര്‍ക്കും വലിയ ഭീഷണിയാകുന്നു. മണ്ണ് കയറ്റിയ ടോറസുകളുടെ മുകളില്‍ ടാര്പ്പോളിന് ഉപയോഗിച്ച് മൂടിക്കൊണ്ടുപോകണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചട്ടം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് മണ്ണും പാറയും നിറച്ച വാഹനങ്ങള്‍ നാട്ടുവഴികളിലൂടെയും പ്രധാന റോഡുകളിലൂടെയും ചീറിപ്പായുന്നത്.
തിരുവല്ല - കുമ്പഴ സംസ്സ്ഥാന പാതയിലും ജില്ലയിലെ പ്രധാന റോഡുകളിലും രാപ കല് വ്യത്യാസമില്ലാതെയാണ് ഈ വാഹനങ്ങളുടെ പാച്ചിൽ. സ്കൂള്‍ സമയങ്ങളിലടക്കം വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പല വാഹനങ്ങളും സര്‍വീസ് നടത്തുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടമാണ് പലപ്പോഴും ദാരുണമായ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
നാട്ടിടവഴികളിലൂടെയും പൊലിസിന്റെ കണ്ണ് വെട്ടിച്ച് ടിപ്പറുകളും ടോറസുകളും പായുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. അപകടങ്ങള്‍ ഉണ്ടാകുന്നതിന് പുറമേ റോഡ് തകര്‍ച്ചയ്ക്കും ഇത് കാരണമാകുന്നു. തെള്ളിയൂർ, പുല്ലാട്, കിടങ്ങന്നൂര്വഴി പന്തളം ഭാഗത്തേക്കും മറ്റും പുലര്‍ച്ചേ അമിത വേഗതയിലാണ് ടോറസുകള്‍ പായുന്നത്. ടോറസുകള്‍ക്ക് സൗകര്യം ഒരുക്കുന്നതിനുവേണ്ടി ഓരോ ജംഗ്ഷനിലും പ്രത്യേക ഏജന്റുമാരും ഉണ്ട്. ഒരു ദിവസം 500 രൂപയാണ് ഇവര്‍ക്ക് കൂലി. ചില ഉദ്യോഗസ്ഥര്‍ക്കു പടി നല്‍കിയാണ് പച്ചമണ്ണ് ഉള്‍പ്പെടെ കടത്തുന്നതെന്ന് പറയുന്നു.
ആറന്മുള - പന്തളം റോഡില്‍ കിടങ്ങന്നൂര്‍ നാല്ക്കാലിക്കലിന് സമീപം ടോറസ് ഇടിച്ച് ഓര്‍ത്തഡോക്സ് സഭയിലെ വൈദിക വിദ്യാര്‍ഥി ഡീക്കന്‍ അഷര്‍ ജോണ്‍ മരിച്ചത് കഴിഞ്ഞയാഴ്ചയാണ്. അമിത വേഗത്തില്‍ എത്തിയ ടോറസ് മറ്റൊരു ടോറസിനെ മറികടക്കുമ്പോഴായിരുന്നു അപകടം.
സ്കൂള്‍ സമയത്തിനു നിര്‍ത്തിയിടുന്നതിനു മുമ്പായി അടുത്ത ലോഡിനുള്ള പരക്കം പാച്ചിലിലായിരുന്നു അപകടം. പല അപകടങ്ങള്‍ക്കും കാരണം അമിതവേഗവും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ്. നാല്ക്കാലിക്കല് അപകമുണ്ടാക്കിയ ഡ്രൈവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലിസിന്റെയും ഭാഗത്തുനിന്നുള്ള പരിശോധനകള്‍ പ്രഹസനമായി മാറുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അപൂര്‍വമായി നടത്തുന്ന പരിശോധനകളില്‍ ചെറിയ പിഴ ചുമത്തി വാഹനങ്ങളെ വിട്ടയക്കുന്നതല്ലാതെ, ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നില്ല. പെര്‍മിറ്റ് ലംഘനം നടത്തുന്നവര്‍ക്കും അമിതവേഗതയിലെത്തുന്നവര്ക്കുമെതിരേ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
മനുഷ്യ ജീവനുകള്‍ റോഡില്‍ പൊലിയുന്നതിനു തടയിടാന്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പുതിയ ടോറസ് വാഹനങ്ങളുടെ ഡ്രൈവറുടെ കാബിന് ശീതീകരിച്ചതാണ്. ടിപ്പർ, ടോറസ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണം നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയാറാകുന്നില്ല. റോഡുകളില്‍ കര്‍ശന നിരീക്ഷണവും കാമറാ സംവിധാനവും ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്..
പ്രതികരണം
ടിപ്പർ, ടോറസ് പരിശോധനയുടെ പേരില്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും പ്രഹസനമാണ് നടത്തുന്നത്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് ടോറസ്സുകള്‍ പായുന്നത്. മുന്‍കാലങ്ങളില്‍ സ്കൂള്‍ സമയങ്ങളില്‍ അമിത വേഗതയില്‍ ടോറസുകള്‍ പായുന്നത് നിയന്ത്രിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിയാണ് ഇവ ഓടുന്നത്. അര്‍ധരാത്രിമുതല്‍ പുലര്‍ച്ചെവരെയാണ് ഇവയുടെ മരണപ്പാച്ചിൽ. മണിക്കൂറുകള്‍ക്കാണ് വേതനം എന്നതിനാല്‍ ഡ്രൈവര്‍മാര്‍ മരണപ്പാച്ചിലാണ് നടത്തുന്നത്.
പ്രഭാതസവാരിക്കാര്‍ക്കും പത്രവിതരണക്കാര്ക്കുമാണ് ടോറസുകള്‍ മൂലം അധികമായി അപകടം നേരിടുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഒരു പരിശോധനയും പൊലിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. സ്റ്റേഷന്റെ മുന്നില്കൂടിപോലും അമിതവേഗത്തില്‍ പായുന്ന വാഹനങ്ങളെ പോലും നിയന്ത്രിക്കാന്‍ കഴിയുന്നില്ല.
അനില്‍ കാലായിൽ, (എന്‍സിപി - എസ് കോയിപ്രം മണ്ഡലം പ്രസിഡന്റ്)
Tags : Nattuvishesham DistrictNews DeepikaNews Overspeeding