പടിഞ്ഞാറത്തറ ഡാമിന്റെ ജലസംഭരണിയോട് ചേര്‍ന്ന്കിടക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ പാടശേഖരം വിണ്ടുകീറിയ നിലയില്‍.
തരുവണ: പടിഞ്ഞാറത്തറ ഡാമിന്റെ ജലസംഭരണിയോട് ചേര്‍ന്ന് കിടക്കുന്ന വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ, അത്തികൊല്ലി, ചെറുകര, വാളുമുക്കി, കോളികുണ്ട്, പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് പാടശേഖരങ്ങളില്‍ നഞ്ചകൃഷി ഉണങ്ങി നശിക്കുന്നു.
ഈ സാഹചര്യത്തില്‍ ബാണാസുര ഡാമില്‍ നിന്നും ജലസേചന കനാലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച് ജലവിതരണം നടത്തണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ബാണാസുരസാഗറിലെ ജലം കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിന് പുതുശേരിക്കടവ് വരെയുള്ള കനാല്‍ നിര്‍മാണം നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ മരണപ്പെട്ടതോടെ നിര്‍മാണം നിര്‍ത്തിവച്ചു. കനാല്‍ നിര്‍മാണ സര്‍വേയും കല്ലിടലുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ പുതുശേരിക്കടവ്, പാലിയാണ പ്രദേശങ്ങളില്‍ നടന്നെങ്കിലും വര്‍ഷങ്ങളായി അവയെല്ലാം നിലച്ച മട്ടാണ്.
നഞ്ചകൃഷിക്ക് ജലദൗര്‍ലഭ്യം നേരിടുന്നത് കൃഷിയിടങ്ങളില്‍ അപൂര്‍വമാണ്. കക്കടവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ നിന്നും ജലം പമ്പ് ചെയ്യുന്നുണ്ടെങ്കിലും വിശാലമായ കക്കടവ്, കരിങ്ങാരി പാടശേഖരങ്ങളിലേക്ക് ജലം എത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് കര്‍ഷകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളായ പാലിയാണ, കക്കടവ്, കരിങ്ങാരി, കൊമ്മയാട് എന്നിവിടങ്ങളിലേക്ക് ജലം എത്തിക്കുവാന്‍ ബാണാസുരസാഗറില്‍ നിന്നുള്ള കനാല്‍ജലം മാത്രമാണ് ഏക പോംവഴി.
പുതുശേരി, കക്കടവ് പുഴ കര്‍ഷക കുടുംബങ്ങളുടെ രക്ഷാകവചമായി ഇരുന്നിടത്ത്. ഇന്ന് മഴക്കാലത്ത് ഡാമിലെ അധിക ജലം ഒഴുക്കി കളയുന്നതിനുള്ള മാര്‍ഗമായി അധികൃതര്‍ മാറ്റിയിരിക്കുകയാണ്. ഇത് കര്‍ഷകര്‍ക്ക് ഉണ്ടാക്കുന്ന ദുരിതങ്ങള്‍ വലുതാണ്.
ബാണാസുര ഡാമിന്റെ നിര്‍മാണ ഘട്ടത്തില്‍ കാര്‍ഷിക മേഖലയിലേക്ക് നിശ്ചിത ശതമാനം ജലം എത്തിക്കുമെന്ന ഭരണകൂടത്തിന്റെ ഉറപ്പ് പാലിക്കാന്‍ തയാറാകണമെന്നാണ് നൂറ് കണക്കിന് കര്‍ഷക കുടുംബങ്ങളുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Paddy plants