കോട്ടയം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പാലാ-എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ നടപ്പായാല്‍ പാലാ മെട്രോ നഗരമായ കൊച്ചിയുടെ ഉപഗ്രഹനഗരമായി മാറും. പാലാ- എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേയുടെ പഠനത്തിനു ബജറ്റില്‍ ഒരു കോടി രൂപ ലഭിച്ചതോടെ പാലായും പാലാക്കാരും വലിയ പ്രതീക്ഷയില്‍.
ദൂരം 50 കിലോമീറ്ററായി ചുരുങ്ങും
പാലായില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരത്തില്‍ എറണാകുളത്തേക്ക് മികച്ച നിലവാരത്തിലുള്ള റോഡ് നിര്‍മിക്കുന്നതാണ് പദ്ധതി. നിലവിലുള്ള റോഡുകള്‍ക്കൊപ്പം പുതുതായി സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയും പരിശോധിക്കും.
ആദ്യം ഏരിയല്‍ സര്‍വേയാണ് നടത്തുക. ഇതു പൂര്‍ത്തിയായാല്‍ റോഡിന്റെ സാധ്യത സംബന്ധിച്ച് വ്യക്തത വരും. പാത വന്നാല്‍ കാര്‍ഷിക, ടൂറിസം മേഖലകള്‍ക്ക് ഏറെ ഗുണമാണ് പ്രതീക്ഷിക്കുന്നത്. പാലായില്‍നിന്ന് എറണാകുളത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരമാണ് പരിഗണിക്കുന്നത്.
നിലവില്‍ പാലായില്‍നിന്നു മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴിയും രാമപുരം, കൂത്താട്ടുകുളം, പിറവം, തിരുവാങ്കുളം വഴിയും ഉഴവൂര്‍, മോനിപ്പള്ളി, ഇലഞ്ഞി പിറവം വഴിയുമാണ് എറണാകുളത്തിനുള്ള വഴികള്‍. ഇതില്‍ വലവൂര്‍, കുടക്കച്ചിറ, ഉഴവൂര്‍, മോനിപ്പള്ളി, ഇലഞ്ഞി, പിറവം, മുളന്തുരുത്തി, നടക്കാവ്, തൃപ്പൂണിത്തുറ വഴിയാണ് ഏറ്റവും ദൂരംകുറവ്.
എന്നാല്‍ പാലായില്‍നിന്നു നടക്കാവ് വരെ വീതി കുറഞ്ഞതും വളവും തിരിവും ജംഗ്ഷനുകള്‍ മുറിച്ചുകടക്കുന്ന രീതിയിലുമാണ്. നിലവിലെ റോഡിനു വീതി കൂട്ടിയും ബൈപാസുകളും ഫ്ളൈ ഓവറുകളും നിര്‍മിച്ചും ഈ റൂട്ട് സൗകര്യപ്രദമാക്കാം. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാദേശികമായ തടസങ്ങളുണ്ടായേക്കാം. ഏരിയല്‍ സര്‍വേ നടത്തിയാല്‍ ഈ റോഡുമായി ബന്ധപ്പെട്ട് സൗകര്യപ്രദമായതും അധികം സ്ഥലം ഏറ്റെടുക്കേണ്ടാത്തതുമായ വഴികള്‍ കണ്ടെത്താന്‍ പറ്റും.
പാത യാഥാര്‍ഥ്യമായാല്‍ 50 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂറില്‍ താഴെ സമയത്തിൽ പാലായില്‍നിന്ന് എറണാകുളത്തിനെത്താം. പാത പൂര്‍ത്തിയാകുന്പോൾ അങ്കമാലിയില്‍നിന്നു വരുന്ന നാലുവരി പാതയുമായി സൂപ്പർ ഫാസ്റ്റ് ഹൈവേക്ക് കണക്ടിവിറ്റി കിട്ടും. ഇതു നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ക്കും സൗകര്യ പ്രദമാകും.
റാന്നി, പുനലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് മലയോരപാത വഴി പാലായിലെത്തിയാല്‍ ഗതാഗതക്കുരുക്കിലകപ്പെടാതെ അതിവേഗത്തിൽ എറണാകുളത്ത് എത്താം. ഹൈറേഞ്ചില്‍ നിന്നുള്ളവര്‍ക്ക് പൊന്‍കുന്നം, കാഞ്ഞിരപ്പളളി, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നും സൂപ്പർ ഫാസ്റ്റ് ഹൈവേയിലേക്ക് കണക്ടിവിറ്റി കിട്ടും. ശബരിമല തീര്‍ഥാടര്‍ക്കും പാത ഏറെ പ്രയോജനപ്പെടും.
ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജപ്പെടും
വടക്കു ഭാഗത്തുനിന്നു വരുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പാലായിലെത്തി പൊന്‍കുന്നം, എരുമേലി വഴി അതിവേഗം പമ്പയിലെത്താം. കാര്‍ഷിക, വ്യാവസായിക രംഗത്തും ടൂറിസം രംഗത്തും വലിയ കുതിപ്പേകും. തീര്‍ഥാടന ടൂറിസം രംഗത്ത് പാത ഏറെ പ്രയോജപ്പെടും.
പാലാ-എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ നടപ്പായാല്‍ പാലാ മെട്രോ നഗരമായ കൊച്ചിയുടെ ഉപഗ്രഹനഗരമായി മാറുമെന്നും ഇതു പാലായുടെ വികസനക്കുതിപ്പിനു കരുത്താകുമെന്നും വൈകാതെ സര്‍വേ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാണി സി. കാപ്പന് എംഎല്‍എ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ഹൈവേ ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി
വികസിപ്പിക്കണം: ഷോണ്‍ ജോര്‍ജ്
കോട്ടയം: എറണാകുളം-പാലാ സൂപ്പർ ഫാസ്റ്റ് ഹൈവേ സാധ്യതാ പഠനത്തിനായി തുക അനുവദിക്കുമെന്ന് ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. എന്നാല്‍, പദ്ധതിയുടെ കാര്യത്തില്‍ ഇനി ആവശ്യം സാധ്യതാ പഠനമല്ല, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളാണെന്നും ഷോണ്‍ പറഞ്ഞു.
സൂപ്പർ ഫാസ്റ്റ് ഹൈവേയെ ഒരു പ്രാദേശിക റോഡ് പദ്ധതിയായി മാത്രം കാണാതെ ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി സര്‍ക്കാര്‍ പരിഗണിക്കണം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ല്‍ നിന്ന് ശബരിമലയിലേക്കുള്ള ഏറ്റവും സുഗമവും കാര്യക്ഷമവുമായ കണക്റ്റിവിറ്റി പാലാ വഴിയാക്കി വികസിപ്പിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്കുള്ള തീര്‍ഥാടനത്തിനും മധ്യകേരളത്തിന്റെ സാമ്പത്തിക വികസനത്തിനും പദ്ധതി വലിയ മുതല്‍ക്കൂട്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
Tags : Begin Soon Pala-Ernakulam S Nattuvishesham District news