പ്രതീകാത്മക ചിത്രം
പാലാ: നഗരസഭയില്‍ നടക്കുന്ന മാരത്തണ്‍ കൗണ്‍സില്‍ യോഗത്തിന്റെ ആദ്യ ദിനം വാക്പോര്. നഗരസഭാധ്യക്ഷയ്ക്കെതിരേയുള്ള അവിശ്വാസ പ്രമേയം 21 ന് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് തുടര്‍ച്ചയായ നാലു ദിവസങ്ങളില്‍ ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്ന അജണ്ടകള്‍ ഒരു ദിവസത്തെ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.
ഇന്നലെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വാര്‍ഡുകള്‍ക്കുള്ള ഫണ്ട്, നഗരസഭയില്‍ നിന്ന് കാണാതായ ഫയല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചയായി. ചര്‍ച്ചകളിലുടനീളം വാക്പോരും നടന്നു.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പല വാര്‍ഡുകളിലും പുല്ലു വെട്ട് നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഇതിനകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വാര്‍ഡുകളുടെ പട്ടിക ചെയര്‍പേഴ്സണ്‍ ദിയ ബിനു കൗണ്‍സിലില്‍ അവതരിപ്പിച്ചു. നഗരസഭയ്ക്ക് നിലവില്‍ രണ്ട് പുല്ലുവെട്ട് യന്ത്രങ്ങള്‍ മാത്രമാണുള്ളതെന്നും ലഭ്യമായ സൗകര്യം ഉപയോഗിച്ച് ക്രമാനുസൃതമായി എല്ലാ വാര്‍ഡുകളിലും സേവനം എത്തിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു.
ഓരോ വാര്‍ഡിനും 40,000 രൂപ വീതം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിലവില്‍ അത്തരത്തില്‍ തുക അനുവദിക്കാന്‍ നഗരസഭയ്ക്ക് സാമ്പത്തിക സാഹചര്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു. പൊതുപദ്ധതികളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
നഗരസഭയില്‍ നിന്ന് കാണാതായ ഫയല്‍ സംബന്ധിച്ച വിഷയവും യോഗത്തില്‍ ഉയര്‍ന്നു. കേസ് നിലവില്‍ ഡിവൈഎസ്പിയുടെ അന്വേഷണ പരിധിയിലായതിനാല്‍ നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
തുടര്‍ച്ചയായി പ്രത്യേക കൗണ്‍സില്‍ യോഗങ്ങള്‍ വിളിക്കുന്നതിലൂടെ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ഒരു കൗണ്‍സിലര്‍ എത്ര യോഗങ്ങളില്‍ പങ്കെടുത്താലും പ്രതിമാസം അഞ്ച് യോഗങ്ങള്‍ക്കുള്ള സിറ്റിംഗ് ഫീസ് മാത്രമാണ് അനുവദിക്കുന്നതെന്നും കൗണ്‍സില്‍ യോഗത്തിലെ കാപ്പി സല്‍ക്കാരം ചെലവ് കുറക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിയതായും ചെയര്‍പേഴ്സണ്‍ മറുപടി നല്കി. കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതിനു മുന്‍പേ ചെയര്‍പേഴ്സണ്‍ യോഗം അവസാനിപ്പിക്കുകയായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ കൗണ്‍സില്‍ യോഗത്തിലെ ചര്‍ച്ചകളില്‍ പ്രതിപക്ഷത്തിനൊപ്പം ചെയര്പേഴ്സനെതിരേയുള്ള നിലപാടാണ് സ്വീകരിച്ചത്.
ഇന്നത്തെ ചര്‍ച്ച ഓട്ടോറിക്ഷ സ്റ്റാന്‍ഡ് വിഷയം
പാലാ: ഇന്നു നടക്കുന്ന കൗണ്‍സിലില്‍ കൊട്ടാരമറ്റത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് വിഷയം ചര്‍ച്ച ചെയ്യും. യുഡിഎഫിലെ സ്വതന്ത്ര മുന്നണിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിനും അകല്‍ച്ചയ്ക്കും പ്രധാന കാരണമായത് കൊട്ടാരമറ്റത്തെ ഈ ഓട്ടോറിക്ഷാ സ്റ്റാന്‍ഡ് വിഷയമാണ്.
വാര്‍ഡ് കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ ബിജു മാത്യുസ് ഇവിടുത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡ് മാറ്റുന്നതിന് മുന്‍കൈയെടുത്തുവെന്നും ഇതിന് കൗണ്‍സിലിന്റെ അംഗീകാരം തേടിയില്ലെന്നും ആരോപിച്ചാണ് സ്വതന്ത്ര മുന്നണി ബിജു മാത്യൂസുമായി അഭിപ്രായവ്യത്യാസത്തിലേക്ക് നീങ്ങുന്നത്. ഇതു സംബന്ധിച്ച് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ സ്വതന്ത്ര മുന്നണിയിലെ ബിനു പുളിക്കക്കണ്ടവും ബിജു പുളിക്കക്കണ്ടവും ബിജു മാത്യൂസിനെ ഭീഷണിപ്പെടുത്തയതായും മര്‍ദിക്കാന്‍ ശ്രമിച്ചതായും കാണിച്ച് ബിജു പോലീസില്‍ പരാതി നല്കി. പിന്നീട് ചെയര്‍പേഴ്സന്റെ ചേമ്പറില്‍ നിന്നു ഫയല്‍ മോഷണം പോയി എന്നു കാണിച്ച് ബിജു മാത്യൂസിനെതിരേ ചെയര്‍പേഴ്സനും നഗരസഭാ സെക്രട്ടറിയും പോലീസില്‍ പരാതി നല്കി. വിഷയം പരിഹരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ഇടപെട്ടെങ്കിലും കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു.
കോണ്‍ഗ്രസിലെ ആറു കൗണ്‍സിലര്‍മാരും മണ്ഡലം കമ്മിറ്റിയും ചെയര്‍പേഴ്സണില്‍ അവിശ്വാസം രേഖപ്പെടുത്തി പ്രമേയം പാസാക്കിയതോടെ അവസരം മുതലാക്കാന്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുകയായിരുന്നു. അവിശ്വാസം 21 ന് ചര്‍ച്ചയ്ക്കെടുക്കും.
Tags : Local News Nattuvishesham Pala Municipality