അയിലൂർ: ജനപ്രതിനിധിയെന്ന നിലയിൽ നൽകിയ വാഗ്ദാനങ്ങൾ പ്രവൃത്തിയിലൂടെ നിറവേറ്റി നാടിനു മാതൃകയാവുകയാണ് അയിലൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് മെംബറും വിമുക്തഭടനുമായ വിനേഷ്. വാർഡിലെ പൊതുവഴികളുടെ ഇരുവശങ്ങളിലും വളർന്നുപന്തലിച്ച പാഴ്ചെടികളും കുറ്റിക്കാടുകളും സ്വന്തം നേതൃത്വത്തിലും ചെലവിലുമാണ് വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്.
കഴിഞ്ഞ പത്തുദിവസങ്ങളായി വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഏറെ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. റോഡരികിൽ കാഴ്ച മറച്ചുനിന്ന കുറ്റിക്കാടുകളും വാഹനഗതാഗതത്തിനും കാൽനടയാത്രയ്ക്കും തടസമായിരുന്ന പാഴ്ചെടികളും നീക്കം ചെയ്തതോടെ പൊതുവഴികൾ കൂടുതൽ സുരക്ഷിതവും സഞ്ചാരയോഗ്യവുമായി മാറി.
തെരഞ്ഞെടുപ്പ് വേളയിൽ വാർഡിലെ ഓരോ വോട്ടർക്കും നൽകിയ വാക്കുകൾ ഓരോന്നായി പാലിച്ചുവരികയാണെന്നും വിനേഷ് പറഞ്ഞു. വാർഡ് മെംബർ എന്ന നിലയിൽ ലഭിക്കുന്ന പ്രതിഫലവും സൈനിക സേവനത്തിന്റെ ഭാഗമായി ലഭിക്കുന്ന പെൻഷന്റെ ഒരു ഭാഗവും ഉപയോഗപ്പെടുത്തിയാണ് വിവിധ പൊതുപ്രവർത്തനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യസേവനം അവസാനിപ്പിച്ച് നാട്ടിലെത്തിയതു മുതൽ സാമൂഹിക -സന്നദ്ധ പ്രവർത്തനങ്ങളിലും ചാരിറ്റി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് വിനേഷ്.
വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയെന്നതാണ് തന്റെ അഞ്ചുവർഷ കാലയളവിലെ പ്രധാന ലക്ഷ്യമെന്നും വിനേഷ് വ്യക്തമാക്കി.
Tags : Nattuvishesham District News