വെള്ളം കയറിയ വീടുകളിൽ നിന്നു വയോധികരെ കൗൺസിലർ ശ്രീലേഖ ശ്രീനിവാസിന്റെ നേതൃത്വത്തിൽ മാറ്റുന്നു.
പത്തനംതിട്ട: മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച പത്തനംതിട്ടയിൽ ജനജീവിതം ദുരിതമയം.ഞായറാഴ്ച രാത്രിയിലെ മഴയും മൂഴിയാർ ഡാം തുറക്കുകയും ചെയ്തതോടെ പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. അച്ചൻകോവിൽ, മണിമലയാറുകളും കരകവിഞ്ഞൊഴുകുകയാണ്. റാന്നിയിൽ കനത്ത നാശം വിതച്ച പ്രളയജലം പമ്പയിലൂടെ അപ്പർകുട്ടനാട്ടിലേക്ക് ഒഴുകിയെത്തിയതോടെ അതീവഗുരുതരമായ സാഹചര്യമാണ് തിരുവല്ലയിലും പരിസരങ്ങളിലും. നേരത്തേ വെള്ളം കയറിയ ആറന്മുളയിലും ജനജീവിതം ദുഃസഹമായി തുടരുന്നു.
ഒറ്റനില മാത്രമുള്ള നൂറുകണക്കിന് വീടുകൾ വെളളത്തിൽ മുങ്ങിയപ്പോൾ രണ്ടു നിലവീടുകളിലുളളവർ മുകൾ നിലയിലേക്ക് താമസം മാറ്റി. ഒഴിഞ്ഞു പോകാൻ കൂട്ടാക്കാതെ വീടുകളിൽ ഒറ്റപ്പെട്ടവർക്ക് സന്നദ്ധ സംഘടനകളുടെയും മറ്റും നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. വെള്ളത്തിൽ മുങ്ങിയ വീടുകളിൽനിന്ന് വള്ളങ്ങളിലും സുരക്ഷാ സേനയുടെ ബോട്ടുകളിലുമൊക്കെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം തുടരുയാണ്. വീട്ടുസാധനങ്ങൾ ചുമലിലേറ്റി വളർത്തു മൃഗങ്ങളെയും കൂടെ കൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് കഴുത്തറ്റം വെളളത്തിൽ ആളുകൾ നീന്തിപോകുന്ന കാഴ്ചയാണ് എങ്ങും. കൂടുതൽ ദുരിശ്വാസ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനം റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്നു.
ജില്ലാ കേന്ദ്രത്തിൽ നിന്ന് ചെങ്ങന്നൂരിലേക്കും തിരുവല്ലയിലേക്കുമുള്ള റോഡുകൾ വെളളത്തിൽ മുങ്ങി കെഎസ്ആർടിസി സർവീസ് അടക്കം ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ ഇന്നലെ ഉച്ചയോടെ കൊല്ലത്തു നിന്ന് നാൽപതോളം വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ എത്തി. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റ് കൂടി ആറന്മുളയിലും എത്തി പ്രവത്തനങ്ങളിൽ പങ്കുചേർന്നു.
മന്ത്രിമാരായ എ.പി. അനിൽ കുമാർ, രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എന്നിവർ ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിച്ചേർന്നു. റവന്യുമന്ത്രി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു.
5940 പേർ ദുരിതാശ്വാസ ക്യാന്പുകളിൽ
പത്തനംതിട്ട ജില്ലയിൽ 130 ദുരിതാശ്വാസ ക്യാന്പുകളിലായി 5940 പേരെ മാറ്റിപ്പാർപ്പിച്ചു. 1794 കുടുംബങ്ങളാണ് ക്യാന്പുകളിലുള്ളത്. 2482 പുരുഷൻമാരും 2556 സ്ത്രീകളും 925 കുട്ടികളും ഇതിലുൾപ്പെടുന്നു.
തിവല്ലയിലാണ് ഏറ്റവും കൂടുതൽ ക്യാന്പുകൾ. 74 ക്യാന്പുകളാണ് തിരുവല്ലയിലുള്ളത്. കോഴഞ്ചേരിയിൽ 22 ക്യാന്പുകളിലായി 1122 പേരെ മാറ്റി പാർപ്പിച്ചു. കോന്നിയിൽ നാല് ക്യാന്പുകളിലായി 112 പേരും അടൂരിൽ മൂന്ന് ക്യാന്പുകളിലായി 41 പേരും റാന്നിയിൽ 10 ക്യാന്പുകളിലായി 384 പേരും മല്ലപ്പള്ളിയിൽ 17 ക്യാന്പുകളിലായി 149 കുടുംബങ്ങളിലെ 519 പേരും കഴിയുന്നുണ്ട്.
Tags : nattu vishesham Water logged