പ്രതീകാത്മക ചിത്രം
പത്തനംതിട്ട: മുസലിയാർ കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2026’ പത്താമത് പതിപ്പ് നാളെ കോളജ് കാമ്പസിൽ നടക്കും. വിദ്യാർഥികളിൽ സാമൂഹിക ഉത്തരവാദിത്വബോധം വളർത്തുകയാണ് ലക്ഷ്യം.
മൊബൈൽ ഫോണുകളുടെ അമിതോപയോഗം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, റോഡ് സുരക്ഷയും ഗതാഗത നിയമങ്ങളും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യക്തിസുരക്ഷ, ഉത്തരവാദിത്വപൂർണമായ പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ് ബോധവത്കരണമെന്ന് ചെയർമാൻ ഷെരീഫ് മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു. മോട്ടോർ വാഹനം, എക്സൈസ്, പൊലിസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തമുണ്ടാകും.
റോഡ് സുരക്ഷ സംബന്ധിച്ച് റീൽസ് നിർമാണം, ലഹരിക്കെതിരേ സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് ക്വിസ് മത്സരം, സൈബർ സുരക്ഷയെക്കുറിച്ച് പ്രസംഗം, തീ ഉപയോഗിക്കാതെ ഭക്ഷണ വിഭവങ്ങൾ തയാറാക്കൽ എന്നിവയിൽ വിദ്യാർഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷന് 9995791799 എന്ന നമ്പറിൽ ബന്ധപ്പെടണം.
കോളജ് പ്രിൻസിപ്പൽ ഡോ. പ്രിയ ജി. ദാസ്, പ്രതീക്ഷ കൺവീനർ ഡോ. എൽ. ലിജേഷ്, കോ-ഓർഡിനേറ്റർ പ്രഫ. ശരത് രാജ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Pratheeksha 10th Edition Tomorrow Pratheeksha NattuVishesham DistrictNews