യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ സംസാരിക്കുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിൽ കാർഷിക വിപ്ലവത്തിന് തുടക്കമിടാൻ "പെപ്പർ മിത്ര’ പദ്ധതിയുമായി നജീബ് കാന്തപുരം എംഎൽഎ. മണ്ഡലത്തിലെ പഴയകാല കാർഷിക സമൃദ്ധിയും പാരന്പര്യവും വീണ്ടെടുക്കുന്നതിനൊപ്പം സാന്പത്തിക സുസ്ഥിരതയുള്ള കാർഷിക സംസ്കാരം വളർത്തിയെടുക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുപ്പതിനായിരം കർഷകരെ പങ്കാളികളാക്കും. കർഷകർക്ക് ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഒന്പത് ലക്ഷം കുരുമുളക് തൈകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കൃഷി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഏകോപനത്തിനായി മണ്ഡലത്തിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫിസർമാരുടെയും ജനപ്രതിനിധികളുടെയും യോഗം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി പഞ്ചായത്തുകളിൽ യോഗങ്ങളും പ്രത്യേക ഗ്രാമസഭകളും വിളിച്ചുചേർക്കും.
കൃഷിയെ ലാഭകരമായ ജീവിതമാർഗമാക്കി പെരിന്തൽമണ്ണ മോഡൽ നാടിന് സമർപ്പിക്കുകയാണ് പെപ്പർ മിത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹുസയിൻ കളപ്പാടൻ, ആയിശ മേക്കോട്ടിൽ, സുധ പൊട്ടിപ്പാറ, സുലൈഖ കരിന്പന, ഷഹീന മോൾ, റംസീന മുജീബ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ കെ. റജീന, ആഷിഖ്, ഐശ്വര്യ, സലീന, മുഫീദ, മുർഷിദ, നസ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.