സരോവരം ബയോപാർക്കിലെ ജലാശയത്തിൽ അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരം.
കോഴിക്കോട്: തിരക്കുകള്‍ക്കും ചൂടുനിറഞ്ഞ കാലാവസ്ഥയില്‍ നിന്നും കോഴിക്കോട് നഗരത്തിലെത്തുന്നവര്‍ക്ക് ആശ്വാസമായാണ് സരോവരം ബയോപാര്‍ക്ക് നിലവില്‍ വന്നത്.
കനോലി കനാലിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ബയോപാര്‍ക്ക് നിലവില്‍ നിര്‍ജീവാവസ്ഥയിലാണ്. തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കുന്നതായി വികസിപ്പിച്ചെടുത്ത 200 ഏക്കര്‍ വിസ്തൃതിയുള്ള ഈ ബയോപാര്‍ക്ക് കേരളത്തിലെ പ്രധാനപ്പെട്ട ഇക്കോ-ടൂറിസം കേന്ദ്രമാണ്. കോഴിക്കോട് നഗരത്തിലെ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും തകര്‍ച്ച നേരിട്ടപ്പോള്‍ അവയെ സംരക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ 200 ഏക്കര്‍ പ്രദേശം ഉള്‍പ്പെടുത്തി സരോവരം പദ്ധതി ആവിഷ്കരിച്ചത്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട തണ്ണീര്ത്തടങ്ങളിലൊന്നാണിത്.
പാര്‍ക്ക് നവീകരിക്കാന്‍ രണ്ട് വര്‍ഷം പോരെ ?
രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ ബയോപാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2.19 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടൂറിസം വകുപ്പാണ് തുക അനുവദിച്ചിരിക്കുന്നത്.
കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെയുള്ളവരുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് തുടങ്ങിയ ഈ ബയോപാര്‍ക്ക് വേണ്ടത്ര പരിപാലനമില്ലാതെ നശിക്കുകയാണ്. പാര്‍ക്കിലെത്തുന്നവരെ ഏറെ ആകര്‍ഷിച്ചിരുന്ന ബോട്ടിംഗ് നിലച്ചിട്ട് രണ്ടുവര്‍ഷത്തോളമായി. ഇത് പുനരാരംഭിക്കാനുള്ള നടപടികളൊന്നും ഇതുവരെയും എങ്ങുമെത്തിയിട്ടില്ല. ആംഫി തിയേറ്റര്‍,കല്ലുപാതിയ നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍, കുട്ടികളുടെ പാര്‍ക്ക്, ചുറ്റുമതില്‍, കവാടം, മരം കൊണ്ടുള്ള ചെറുപാലങ്ങള്‍, സെക്യൂരിറ്റി കാബിനുകള്‍ എന്നിവ നവീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നവീകരണ പ്രവര്‍ത്തികളുടെ ചുമതല നല്‍കിയിരിക്കുന്നത്.
പാര്‍ക്കിനുള്ളിലെ അമിനിറ്റി സെന്റര്‍, സെന്‍ട്രല്‍ പ്ലാസ, കഫ്റ്റീരിയ, ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ എന്നിവയ്ക്കായി നിര്‍മിച്ച കെട്ടിടങ്ങളെല്ലാം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താതെ നശിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ നടത്താത്തത് മൂലം കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ബയോപാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. പാര്‍ക്കില്‍ പൂര്‍ത്തിയാക്കാനുള്ള പദ്ധതികളുടെ എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
‘സിസിടിവി സ്ഥാപിക്കും’
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം 80 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്, ഒരു മാസത്തിനുള്ളില്‍ ബാക്കി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ക്കില്‍ കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രധാന ഭാഗങ്ങളിലെല്ലാം സിസിടിവി സ്ഥാപിക്കും, കോഴിക്കോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന് പറഞ്ഞു.
കൗണ്‍സിലര്‍ പറയുന്നു...
കോഴിക്കോടിന്റെ ശ്വാസകോശം എന്നറിയപ്പെടുന്നതാണ് സരോവരം ബയോപാര്‍ക്ക്. എന്നാല്‍, പാര്‍ക്കിന്റെ നിലവിലെ സ്ഥിതിയില്‍ സംതൃപ്തിയല്ല. മോണിംഗ് വാക്ക്, ഒരു പാര്‍ക്ക് എന്ന നിലയില്‍ ഇതിന്റെ സൗകര്യം ആളുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ബയോപാര്‍ക്കിന്റെ അതിര്‍ത്തികളിലുള്ള കയ്യേറ്റത്തിന് തടയിടാനുള്ള നടപടികള്‍ സ്വീകരിക്കണം.
പാര്‍ക്കിന്റെ പാരിസ്ഥിതിക വശം ഇതുവരെയും പൂര്‍ണമായും പൂര്‍ത്തിയാക്കിയിട്ടില്ല. തൊട്ടടുത്ത കനോലി കനാലിന്റെ സംരക്ഷണവും അതില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യവുമെല്ലാം നീക്കം ചെയ്യാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭാവിയിലേക്ക് സുസ്ഥിരമായൊരു വികസനം കൊണ്ടുവരുന്നതിന് ഈ ഘടകങ്ങളെല്ലാം പരിഗണിക്കേണ്ടതുണ്ട്.
വിനീത സജീവ്, 13ാം വാര്‍ഡ് കൗണ്‍സിലര്‍
Tags : Nattuvishesham DistrictNews DeepikaNews Sarovaram...