സെക്രട്ടറി മേലൂട് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
അടൂർ: ശാസ്താംകോട്ട പൊലിസ് നിയമവിരുദ്ധമായി പെരുമാറിയെന്നാരോപിച്ച് ദളിത് സമുദായ മുന്നണി അടൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി.
അടൂർ സ്വദേശിയായ അഭിജിത് കൃഷ്ണയുടെ പേരിൽ കേസില്ലാതിരിക്കെ, അനുജന്റെ പേരിലുള്ള പരാതിയുടെ പേരിൽ ശാസ്താംകോട്ട പൊലിസ് സ്വകാര്യ വാഹനത്തിൽ യൂണിഫോം ധരിക്കാതെ അടൂർ പൊലിസിനെ അറിയിക്കാതെയും വാറന്റോ സെർച്ച് വാറന്റോ ഇല്ലാതെയും ബന്ധുവീടുകളിലടക്കം പരിശോധന നടത്തിയെന്നാണ് ആരോപണം.
വഴിയിൽനിന്ന് കസ്റ്റഡിയിലെടുത്ത അഭിജിത്തിനെ എട്ടുമണിക്കൂറോളം കാറിൽ കൊണ്ടുനടന്ന് മർദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതായും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെത്തിച്ച് മർദിച്ചതായും ആരോപണമുണ്ട്. മർദനത്തിൽ അഭിജിത്തിന്റെ ശരീരഭാഗങ്ങളിൽ ഗുരുതരമായി പരിക്കേറ്റതായും യോഗം ആരോപിച്ചു.
ദളിത് സമുദായ മുന്നണി ജില്ലാ സെക്രട്ടറി മേലൂട് ഗോപാലകൃഷ്ണൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് ജോസഫ് മണക്കാല അധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി ബിജോയ് ഡേവിഡ്, സെക്രട്ടേറിയറ്റ് അംഗം ഇന്ദ്രജിത്ത്, സന്തോഷ് കുറുമ്പകര, ശ്രീനാരായണ ധർമപരിപാലന യോഗം ഉപാധ്യക്ഷൻ അറുകാലിക്കൽ രാജേന്ദ്രൻ, സാധുജന വിമോചന സംയുക്തവേദി രക്ഷാധികാരി അജികുമാർ കറ്റാനം എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Police brutality