പി.കെ. ഫിറോസ്
കട്ടിപ്പാറ: ഇരുതുള്ളി പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ ഫാക്ടറിക്കകത്ത് വെള്ളം കയറുകയും മാലിന്യം പുഴയിലേക്കും സമീപത്തെ കുടിവെള്ള സ്രോതസുകളിലേക്കും ഒഴുക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.കെ. ഫിറോസ് എംഎൽഎ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ഫാക്ടറി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാക്ടറിക്ക്അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശംനൽകിയതായും എംഎൽഎ വ്യക്തമാക്കി.ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഇരുതുള്ളി പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഫാക്ടറിക്കകത്ത് ഏകദേശം നാല് അടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. ഇതിന് മുമ്പും സമാനമായ രീതിയിൽ ഫാക്ടറിയിൽ വെള്ളംകയറിയിട്ടുണ്ടെന്ന് സമരസമിതി പ്രവർത്തകർ എംഎൽഎയെ അറിയിച്ചു.
എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്നതിന് ഈ വെള്ളക്കയറ്റം തന്നെ വ്യക്തമായ തെളിവാണെന്ന് പി.കെ. ഫിറോസ് പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങൾ പലതവണ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ മൗനം പാലിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നിയമസഭാ സമിതി ഫാക്ടറി സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.താമരശേരി, കട്ടിപ്പാറ, ഓമശേരി, കോടഞ്ചേരി പഞ്ചായത്തുകളുടെ സെക്രട്ടറിമാർ, വിവിധ ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സമരസമിതി പ്രവർത്തകർ എന്നിവർ എംഎൽഎയ്ക്കൊപ്പം ഫാക്ടറി സന്ദര്‍ശിച്ചു.
Tags : NattuVishasham DistrictNews