മാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം റോഡരികിൽ വലിയ കുഴിയെടുത്ത നിലയിൽ.
നെടുമങ്ങാട്: മൂന്നുകോടി രൂപ ചെലവഴിച്ച് നവീകരിച്ച പൂവത്തൂർ-ചെന്തുപ്പൂര് റോഡ് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാരുടെ പരാതി. റോഡിന്റെ വീതികൂട്ടി ഗതാഗത യോഗ്യമാക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കായി മാറിയതോടെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ.
റോഡിലെ പല വളവുകളിലും വീതി തീരെ കുറവാണ്. പൂവത്തൂർ ടവർ ജംഗ്ഷനു സമീപമുള്ള വളവിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
അപകടങ്ങൾ ഒഴിവാക്കാൻ എതിരെ വരുന്ന വാഹനങ്ങൾക്ക് പലപ്പോഴും നിർത്തിക്കൊടുക്കേണ്ടി വരുന്നു. അപകടസാധ്യത മുന്നിൽക്കണ്ട് നാട്ടുകാർ തന്നെയാണ് റോഡിനോട് ചേർന്നു കല്ലുകൾ വച്ച് സംരക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്. റോഡിനടിയിലെ വർഷങ്ങൾ പഴക്കമുള്ള പൈപ്പ് ലൈനുകൾ മാറ്റാതെയാണ് ടാറിംഗ് നടത്തിയത്.
പഴകിയ പൈപ്പ് ലൈനുകൾ മാറ്റാതെ ടാറിംഗ് നടത്തിയത് കരാറുകാരനും പൊതുമരാമത്ത് (പിഡബ്ല്യൂഡി) ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്നു നാട്ടുകാർ സംശയിക്കുന്നു. ഇതിന്റെ ഫലമായി ഉദ്ഘാടനം ചെയ്ത നാൾ മുതൽ റോഡിൽ പലയിടത്തും പൈപ്പുകൾപൊട്ടി വെള്ളം ഒഴുകുന്നതു പതിവായിരിക്കുകയാണ്.
പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിൽ ഒരു മാസമായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നു. മാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം വലിയ കുഴിയെടുത്തിട്ട് ഒരു മാസത്തിലേറെയായിട്ടും പണി പൂർത്തിയാക്കാൻ അധികൃതർ തയാറായിട്ടില്ല.
റോഡ് നിർമാണത്തിലെ അപാകതകൾ പരിശോധിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയ് ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പൊതുഖജനാവിലെ ലക്ഷങ്ങൾ പാഴാക്കി നടത്തിയ ഈ അശാസ്ത്രീയ നിർമാണത്തിനെ പ്രതിഷേധം ശക്തമാണ്. അടിയന്തരമായി അശാസ്ത്രീയതകൾ പരിഹരിക്കാനും പൈപ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കാനും ബന്ധപ്പെട്ടവർ തയാറായില്ലെങ്കിൽ നാട്ടുകാരുടെ നേതൃത്വത്തിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.