തളിക്കുളം: മുറ്റിച്ചൂർ പാലത്തിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ദിവസവും ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന തളിക്കുളം - മുറ്റിച്ചൂർ റോഡിലെ കുഴികൾ യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിന്റെ ഒരു ഭാഗം തളിക്കുളം പഞ്ചായത്തിന്റെയും മറ്റൊരു ഭാഗം നാട്ടിക പഞ്ചായത്തിന്റെയും കീഴിലാണ്. 400 മീറ്റർ മാത്രം നീളമുള്ള റോഡിന്റെ പകുതിയിലധികം ഭാഗം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതിനാൽ യാത്ര ദുഷ്കരമാണ്.
മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതും പതിവായി. വീതി കുറഞ്ഞ റോഡിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി അടക്കുകയോ മെറ്റലിംഗ് നടത്തി ടാറിംഗ് നടത്തുകയോ ചെയ്തിട്ടില്ല. ഇതുമൂലം രണ്ടു ഭാഗത്തുനിന്നും ഒരേ സമയം വാഹനങ്ങൾ എത്തിയാൽ ഗതാഗതക്കുരുക്കും പതിവാണ്. വലിയ ടിപ്പർ പോലുള്ള വാഹനങ്ങൾ കുഴിയിൽ ചാടുമ്പോൾ സമീപത്തെ വീടുകളിൽ വരെ ഇതിന്റെ പ്രകമ്പനം ഉണ്ടാകുന്നതായും പറയുന്നു.
സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വിദ്യാർഥികൾ അടക്കമുള്ളവർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. പഞ്ചായത്ത് ഭരണ സമിതികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ കുഴികൾ അടയ്ക്കാനോ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags : nattu vishesham Potholes Thalikulam-Muttichur