കവർച്ച ചെയ്യപ്പെട്ട വാഹനവും പവർ യൂണിറ്റും
ആറ്റിങ്ങൽ: നഗരത്തിൽ പവർ യൂണിറ്റ് വാഹനം ഉൾപ്പെടെ കവർച്ച ചെയ്തു. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ ബാവ ഹോസ്പിറ്റലിന് സമീപത്ത് നിന്നും ആണ് പവർ യൂണിറ്റും അത് സൂക്ഷിച്ചിരുന്ന പിക്കപ്പ് വാഹനവും മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി പത്തരയോടെ ആണ് വാഹനം ഇവിടെ എത്തിച്ചത്. വിവാഹ വീട്ടിൽ ലഭ്യമാക്കുന്നതിനാണ് പവർ യൂണിറ്റ് എത്തിച്ചത്. ഇതിന് ശേഷം ഡ്രൈവർ മടങ്ങി. വാഹനത്തിന്റെ ഉള്ളിൽ ഡാഷ്ബോർഡിൽ തന്നെയാണ് വാഹനത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്.
രാവിലെ ആണ് വാഹനവും പവർ യൂണിറ്റും കാണാതായ വിവരം അറിയുന്നത്. പവർ യൂണിറ്റിന്റെ വയർ ഊരി മാറ്റിയ ശേഷം കൊണ്ടുപോവുകയായിരുന്നു. വാഹന ഉടമ പരാതി അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മേഖലയിലെ വീടുകൾ ഉൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തുവാൻ പൊലീസ് ശ്രമം ആരംഭിച്ചു.