ചെല്ലാനം ചെറിയകടവ് റോഡില്‍ വെള്ളം കയറിയപ്പോള്‍.
ചെല്ലാനം : കടൽ ശക്തിയായി ഇളകിയതോടെ കണ്ണമാലിയിലും ചെറിയകടവിലും കടൽ കയറ്റം ശക്തമായി. നിരവധി വീടുകളും സമീപ പറമ്പുകളും വെള്ളത്തിലായി.
കടൽഭിത്തി തീർത്തും തകർന്നു കിടക്കുന്നയിടങ്ങളിലാണ് കടൽ കയറുന്നത്. ചെല്ലാനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണമാലി , ചെറിയകടവ് തുടങ്ങിയ തീരദേശങ്ങളിൽ പല ഭാഗങ്ങളിലും ജിയോ ബാഗുകളും മണൽ വാടയും നിർമിച്ച് പ്രതിരോധിച്ചതുമൂലം കടൽക്കയറ്റത്തെ ചെറിയരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞു. എന്നാൽ കടൽക്ഷോഭം കൂടുതൽ ശക്തിയായാൽ ഈ പ്രതിരോധങ്ങളെക്കെ തകർന്നടിയും. തോരാതെ പെയ്യുന്ന മഴ മൂലം കടൽ അതിശക്തമായി ഇളകി ഇരിക്കുകയാണ്.
ഇന്നലെ രാവിലെ മുതൽ തന്നെ കടൽ പ്രക്ഷുബ്ദ്ധമാണ്. രാവിലെ തന്നെ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം ശക്തിയായി കയറുകയായിരുന്നു. ചെറിയകടവിലും കണ്ണമാലിയിലും പ്രധാന റോഡു വരെ കടൽ വെള്ളമെത്തി. സിഎംഎസ് , മേനാശേരി, സൗദി പ്രദേശങ്ങളിലും കടലാക്രമണം ഉണ്ട്.
തീരപ്രദേശങ്ങളിൽ പലഭാഗത്തുംമണൽവാട തകർന്നിട്ടുണ്ട്. ടെട്രാപോഡ് കടൽത്തി നിർമിക്കാത്ത തെക്കേ ചെല്ലാനത്തും കടലാക്രമണ ഭീഷണിയുണ്ട്. ഇവിടെ താത്കാലിക പ്രതിരോധ പ്രവർത്തനങ്ങൾ പോലും ഇത്തവണ ചെയ്തിട്ടില്ല. കടൽ തീരം മുഴുവനായും തകർന്ന നിലയിലാണ്.
വൈപ്പിനിലെ ബീച്ചുകളിൽ കടൽകയറ്റം
വൈപ്പിൻ: കാലവർഷം കനത്തതോടെ വൈപ്പിൻ തീരത്ത് കടലേറ്റം രൂക്ഷം. ഇന്നലെ ഉച്ചയോടെ പള്ളിപ്പുറം കോൺവെന്റ് ബീച്ചിലും എടവനക്കാട് അണിയിൽ, നായരമ്പലം വെളിയത്ത് പറമ്പ് ബീച്ചുകളിലുമാണ് കടൽ കയറിയത്. ആഞ്ഞടിച്ച തിരമാലകൾ തകർന്നു കിടക്കുന്ന കടൽ ഭിത്തിക്കിടയിലൂടെ തീരദേശ റോഡിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
ഇതാകട്ടെ കോൺവെന്റ് ബീച്ചിലും വെളിയത്ത് പറമ്പ് ബീച്ചിലും പരിസരത്തെ വീടുകൾക്കും ഭീഷണി ഉയർത്തി. കോൺവെന്റ് ബീച്ച് ഭാഗത്ത് തീരദേശ റോഡും തകർന്നിട്ടുണ്ട്. ഈ ഭാഗത്ത് ഏതാനും വീടുകളിൽ വെള്ളം കയറി. സ്ഥിതി തുടർന്നാൽ വീട്ടുകാരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഒന്നാം വാർഡംഗം കുഞ്ഞുമോൻ അറിയിച്ചു.