ഏറ്റുമാനൂര്‍- എറണാകുളം റോഡില്‍ അപകടകരമായ പുളിന്തറ വളവ്.
കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പട്ടിത്താനം മുതല്‍ തലയോലപ്പറമ്പ് വരെ അപകടവളവുകള്‍ നിവര്‍ത്തുന്ന വികസന പദ്ധതിയുടെ കാലാവധി ആറു മാസത്തേക്ക് നീട്ടി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി മോന്‍സ് ജോസഫ്. കേരള സര്‍ക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു (ബി) ഡിപ്പാര്‍ട്ടുമെന്റാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ പ്രത്യേക ഉത്തരവിലൂടെ നടപടി സ്വീകരിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തുന്ന പദ്ധതിയും കുറുപ്പന്തറ ജംഗ്ഷന് വികസന പരിപാടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുവേണ്ടി മന്ത്രി മോന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് അധികൃതരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉന്നതതല യോഗം സര്‍ക്കാര്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരുന്നു.
ഇതില്‍ നിര്‍ദേശിച്ചതു പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗവും ബില്‍ഡിംഗ്സ് വിഭാഗവും സഹകരിച്ചു നടത്തിവരുന്ന വാലുവേഷന് ജോലികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 34 സ്ട്രക്ച്ചറല്‍ വാലുവേഷനാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ശേഷിക്കുന്ന 47 കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മിതവസ്തുക്കളുടെ വാലുവേഷന് ജോലികളും പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കും.
സര്‍വേ ജോലികള്‍ പൂര്‍ത്തിയായാലുടൻ ഡീറ്റെയില്‍ഡ് വാലുവേഷന് സ്റ്റേറ്റ്മെന്റ് റവന്യുവകുപ്പ് അധികൃതര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. ഇതേത്തുടര്‍ന്ന് 19 (1) പ്രഖ്യാപനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.തുടര്‍ന്നു വസ്തു ഉടമകള്‍ക്ക് കൊടുക്കേണ്ട തുക നിശ്ചയിച്ചു സര്ക്കാരിൽനിന്നനുവദിക്കുന്ന ഫണ്ട് അവർക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്. ഇക്കാര്യങ്ങളെല്ലാം സമയബന്ധിതമായി നടപ്പാക്കുന്നതിന് കോട്ടയം ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ അടുത്ത യോഗം ഒരു മാസത്തിനുള്ളില്‍ കോട്ടയത്ത് വിളിച്ചു ചേര്‍ക്കും.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണനാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറുപ്പന്തറ ജംഗ്ഷന് വികസനവും പട്ടിത്താനം മുതല്‍ തലയോലപ്പറമ്പ് വരെയുള്ള അപകടവളവ് നിവര്‍ത്തല്‍ പ്രവര്‍ത്തനവും നടപ്പാക്കാന്‍ തീരുമാനിച്ചതായും മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.
Tags : NattuVishasham DistrictNews