നിര്‍മാണം പാതിയില്‍ മുടങ്ങിയ ഏനാത്തെ ലൈഫ് ഫ്ളാറ്റ് സമുച്ചയം
അടൂർ: ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏനാത്ത് ഫ്ലാറ്റ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചിട്ട് ആറു വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ ഒരു സര്‍ക്കാരിന്റെ കാലാവധിയും കഴിഞ്ഞു. പുതിയ സര്‍ക്കാര്‍ പദ്ധതിക്ക് മുന്‍ഗണന നല്കി നടപടികള്‍ സ്വീകരിച്ചാല്‍ ഭൂരഹിതരായ 54 കുടുംബങ്ങള്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
2020 സെപ്റ്റംബര്‍ 24-നാണ് ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം നടന്നത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിക്ക് തുടക്കമിട്ടതിനേ തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്നാല്‍ ആറു വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തി പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
ഇതിനകം നിര്‍മിച്ച ഭാഗങ്ങള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്ന അവസ്ഥയിലാണ്. 7.27 കോടി രൂപ ചെലവില്‍ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. ഇതില്‍ ഒരു സമുച്ചയത്തിന്റെ സ്ട്രക്ചര്‍ മാത്രമാണ് പൂര്‍ത്തിയായത്. രണ്ടാമത്തെ കെട്ടിടത്തിന്റെ അടിത്തറ നിര്‍മിച്ചതിനു ശേഷം പ്രവൃത്തി നിലച്ചു.
54 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി
ഏഴംകുളം പഞ്ചായത്തിലെ ഭൂരഹിതരായ 54 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായാണ് ലൈഫ് പദ്ധതിയുടെ ഭാഗമായി ഏനാത്തില്‍ ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 92 സെന്റ് സ്ഥലമാണ് വിട്ടുനല്‍കിയത്. ആറു മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. ലൈറ്റ് വെയിറ്റ് സ്റ്റീല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.
എന്നാല്‍ സ്റ്റീല്‍ ഉള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളുടെ വില കുത്തനെ ഉയര്‍ന്നതിനേ തുടര്‍ന്ന് കരാര്‍ തുക പുനര്‍നിശ്ചയിക്കണമെന്ന് നിര്‍മാണ കമ്പനി ആവശ്യപ്പെട്ടതോടെയാണ് പ്രവൃത്തി നിലച്ചതെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് നിര്‍മാണം പുനരാരംഭിക്കാന്‍ ഇതേവരെ നടപടിയുണ്ടായിട്ടില്ല. മുന്‍പ് നാട്ടിലെ കുട്ടികള്‍ കളിക്കാന്‍ മൈതാനമായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് ഫ്ലാറ്റ് പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ സ്ഥലത്തിന്റെ പഴയ ഉപയോഗവും നഷ്ടമായി, പദ്ധതിയും പാതിവഴിയില്‍ നിലച്ചതുമൂലം പ്രദേശവാസികൾ നിരാശയിലാണ്. പുതിയ സര്‍ക്കാര്‍ പദ്ധതി പുനരുജ്ജീവിപ്പിച്ച് പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Tags : NattuVishasham DistrictNews