പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.സനിൽ കുമാർ ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കോട്ടയം: ലഹരിക്കെതിരേ കോട്ടയം ഓന്നാകെ ഓടി. യുവജനങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുകയും ആരോഗ്യകരവും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും സംയുക്തമായി ‘റൺ ഫോർ ലൈഫ് സേ നോ ടു ഡ്രഗ്സ് ‘മിനി മാരത്തൺ അക്ഷരനഗരിക്കു ആവേശവും പുതുമയുമായി.ഇന്നലെ രാവിലെ കളക്്ടറേറ്റ് കവാടത്തിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.സനിൽ കുമാർ മാരത്തൺ ഫ്ളാഗ് ഓഫ് ചെയ്തു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സന്ദേശം നൽകി.
അഡിഷണൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിമാരായ കെ. ലില്ലി, എം.സി.സനിത, എസ്.സുഭാഷ്, ഹരി ആർ.ചന്ദ്രൻ, പോക്സോ കോടതി സ്പെഷൽ ജഡ്ജ് എച്ച്.റോഷ്നി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എസ്.തേജോമയി തമ്പുരാട്ടി, വിജിലൻസ് ജഡ്ജി കെ.വി.രജനീഷ്, എംഎസിടി ജഡ്ജി പ്രസൂൺ മോഹൻ, ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറി അതിക് റഹ്മാൻ, നഗരസഭ ചെയർപേഴ്സൺ എം.പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
കളക്ടറേറ്റിൽ നിന്നാരംഭിച്ച മിനി മാരത്തൺ കെകെ റോഡിലൂടെ തിരുനക്കരയിൽ എത്തി ശാസ്ത്രി റോഡിലൂടെ ജില്ലാക്കോടതി പരിസരത്ത് സമാപിച്ചു.തുടർന്ന് മാരത്തണിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു. യുവജനങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക, ആരോഗ്യമുള്ളതും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും ചേർന്ന് കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെയാണ് മാരത്തൺ നടത്തിയത്. പോലീസ്, എക്സൈസ്, ബാർ അസോസിയേഷൻ, ക്ലബുകൾ, കോളജുകൾ, സ്കൂളുകൾ എന്നിവയും മാരത്തണിൽ പങ്കെടുത്തു.
Tags : NattuVishasham DistrictNews