സബ് ഓഫീസ് ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കുന്നു
കൂത്താട്ടുകുളം: കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ച ദീപികയുടെ കൂത്താട്ടുകുളം സബ് ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. കര്‍ഷകരോടും സാധാരണക്കാരോടും സത്യത്തോടും ഒപ്പം നിലയുറപ്പിച്ചുള്ള ദീപികയുടെ അതുല്യമായ മാധ്യമധാര്‍മികത കേരളത്തിനും രാജ്യത്തിനും മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മാധ്യമലോകത്ത് ധാര്‍മികതയുടെ നേത്രങ്ങളാകാനും നിലപാടുകളില്‍ ഉറച്ചു ധീരമായി മുന്നേറാനും സാധിച്ചതാണു ദീപികയുടെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. കൂത്താട്ടുകുളം ഹോളി ഫാമിലി ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് കുടിലില്‍ നവീകരിച്ച ഓഫീസിന്റെ വെഞ്ചരിപ്പും യോഗത്തില്‍ അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മികവു തെളിയിച്ച മൂന്നു പേരെ മന്ത്രി അനൂപ് ജേക്കബ് ആദരിച്ചു. കൂത്താട്ടുകുളത്തെ മത, സാമൂഹ്യ മേഖലയിലെ സേവനസപര്യക്കു ഹോളിഫാമിലി ഫൊറോന വികാരി ഫാ. ജെയിംസ് കുടിലില്‍, എസ്ആര്‍എസ് ഐ ഹോസ്പിറ്റല്‍ പ്രൊപ്രൈറ്ററും ചീഫ് ഓപ്പറേറ്റിംഗ് സർജനുമായ ഡോ. സ്മിത റാണി സിറിയക്, ദേവമാതാ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ റോസ്മിന്‍ പഴയകരി എസ്എബിഎസ് എന്നിവരാണു ദീപികയുടെ ആദരം ഏറ്റുവാങ്ങിയത്.
മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റെജി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. ജോസഫ് കൊളുത്തുവള്ളില്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മര്‍ക്കോസ് ഉലഹന്നാന്, ഡിഎഫ്സി സംസ്ഥാന ഉപദേശക സമിതി ചെയര്മാന് ജോയി നടുക്കുടി, സംസ്ഥാന പ്രസിഡന്റ് ലോറന്‍സ് ഏനാനിക്കല്‍, രൂപത ഡയറക്ടര്‍ ഫാ. ആന്റണി പുത്തന്‍കുളം, ദീപിക കൊച്ചി സര്‍ക്കുലേഷന്‍ മാനേജര്‍ ബിനോ വര്‍ഗീസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ റെബി ജോര്‍ജ്, ബ്യൂറോ ചീഫ് സിജോ പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു. കൂത്താട്ടുകുളം എംസി റോഡ് രാമപുരം കവലയില്‍ പുല്‍പ്പാറയില്‍ ബില്‍ഡിംഗിലാണ് ദീപികയുടെ നവീകരിച്ച സബ് ഓഫീസ്.
ദീപികയുടെ വാര്‍ത്ത, സര്‍ക്കുലേഷന്‍, പരസ്യ വിഭാഗങ്ങളുടെ സേവനം വായനക്കാര്‍ക്കും ഏജന്റുമാര്‍ക്കും പൊതുജനങ്ങള്‍ക്കും ഓഫീസില്‍ ലഭ്യമാകും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ദീപിക അഭ്യുദയകാംക്ഷികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ യുഗത്തില്ദീപികയുടെ പ്രസക്തി
വലുത്: മന്ത്രി അനൂപ് ജേക്കബ്
കൊച്ചി: മാറിവരുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വലിയ തോതില്‍ സ്വാധീനമുണ്ടാക്കുമ്പോഴും, കൃത്യതയ്ക്കും സത്യസന്ധതയ്ക്കും ധാര്‍മികതയ്ക്കും ജനം തിരയുന്നത് ദീപിക പോലുള്ള അച്ചടി മാധ്യമങ്ങളെയാണെന്ന് മന്ത്രി അനൂപ് ജേക്കബ്. വായന കുറയുന്നുവെന്നത് യാഥാര്‍ഥ്യമെങ്കിലും ഡിജിറ്റല്‍ ലോകത്ത് പരക്കുന്ന പലതിന്റെയും നേരുകള്‍ തിരിച്ചറിയാന്‍ അച്ചടി മാധ്യമങ്ങളെയാണ് പൊതുസമൂഹം ആശ്രയിക്കുന്നത്.
നീതിയോടും സത്യത്തോടുമുള്ള പ്രതിബദ്ധതയോടെ മാധ്യമദൗത്യം നിര്‍വഹിക്കുന്ന ദിനപത്രമാണു ദീപിക. കര്‍ഷകരുടെ ശബ്ദമാകുന്നതില്‍ എന്നും ദീപിക മുന്നിട്ടു നിന്നു. രാഷ്ട്രീയകേരളത്തില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളും ആവശ്യങ്ങളും ആര്‍ജവത്തോടെ വിളിച്ചുപറയുന്നതില്‍ ദീപിക തെല്ലും പിന്നോട്ടുപോയിട്ടില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ എന്തു നിലപാടെടുക്കണമെന്നു ചൂണ്ടിക്കാട്ടുന്നതു പലപ്പോഴും ദീപികയാണ്.
മഹത്തായ പൈതൃകത്തിന്റെ തുടര്‍ച്ച പുതിയ കാലത്തും പ്രകാശിപ്പിക്കുന്ന ദീപിക ദിനപത്രം, കൂത്താട്ടുകുളം മേഖലയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Deepika