ലോറിയില്‍ നിന്നു റോഡിലേക്കു വീണ തടിക്കഷണങ്ങൾ.
തിരുവല്ല: എംസി റോഡില്‍ മുത്തൂർ, പെരുന്തുരുത്തി ഭാഗത്ത് തടി കയറ്റിവന്ന ലോറിയില്‍ നിന്ന് വലിയ തടിക്കഷണങ്ങള്‍ റോഡിലേക്ക് വീണ് അപകടഭീഷണി സൃഷ്ടിച്ചു.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
യാത്രയ്ക്കിടെ ലോറിയില്‍ നിന്ന് നിരവധി തടിക്കഷണങ്ങള്‍ റോഡിന്റെ വശത്തും വെള്ള വരയോട് ചേര്‍ന്നുമാണ് വീണത്. റോഡിന്റെ വളവുള്ള ഭാഗത്തായതിനാല് തടിക്കഷണങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍പെടാതെ പോകാന്‍ സാധ്യതയുണ്ടെന്നും, ഇത് ഇരുചക്ര വാഹനയാത്രികര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ അപകടസാധ്യതയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
തടിക്കഷണങ്ങള്‍ റോഡില്‍ ചിതറിക്കിടന്നതിനെ തുടര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ ജാഗ്രതയോടെയാണ് ഇതുവഴി കടന്നുപോയത്. വിവരം അറിഞ്ഞ നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് തടിക്കഷണങ്ങള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.
തടികള്‍ സുരക്ഷിതമായി ബന്ധിക്കാതെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും, റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : NattuVishasham DistrictNews