പ്രതീകാത്മക ചിത്രം
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജത്തിന്റെ നിലവിലെ ഭരണസമിതിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി സമാജം സംരക്ഷണസമിതി രംഗത്ത്. സമാജത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് കഴിഞ്ഞ 15 വര്‍ഷമായി ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. ഭരണം സുതാര്യവും അഴിമതി വിമുക്തവുമാക്കാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അംഗത്വവിതരണം സ്വന്തക്കാരിലേക്കും കുടുംബാംഗങ്ങളിലേക്കും മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. 98 വര്‍ഷത്തെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട എസ്എന്‍ബിഎസ് സമാജത്തില്‍ വെറും 2,400 അംഗങ്ങള്‍ മാത്രമാണുള്ളത്. അതേസമയം കൂര്‍ക്കഞ്ചേരി സമാജത്തില്‍ 37,000 അംഗങ്ങളുണ്ടെന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഒരു കുടുംബത്തിനുമാത്രം 107 അംഗത്വങ്ങള്‍ നല്‍കിയതായും മരിച്ചവരുടെ പേരുകള്‍വരെ വോട്ടര്‍പട്ടികയില്‍ തുടരുന്നുണ്ടെന്നും ആരോപിച്ചു. വര്‍ഷങ്ങളായി ഒരേ വ്യക്തികള്‍ പ്രസിഡന്റായോ, സെക്രട്ടറിയായോ തുടരുകയാണെന്നും സമിതി കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുരേഷ് ബാബുവിന്റെ ജോലി നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെന്നും 35 വര്‍ഷമായി സമാജത്തില്‍ ജീവനക്കാരനായിരുന്ന വി.കെ. ഭാസിയുടെ നാമനിര്‍ദേശപത്രിക ഇത്തവണ തള്ളിയതായും അവര്‍ ആരോപിച്ചു.
ഇതുസംബന്ധിച്ച് ചോദ്യംചെയ്തപ്പോള്‍ തങ്ങള്‍ക്കെതിരെ പരാതി നല്‍കുകയും ഭരണസമിതിക്ക് അനുകൂലമായി മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഇടപെട്ടുവെന്നും സമിതി ആരോപിച്ചു. സമാജത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലും ഗുരുതര സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നാണ് സമിതിയുടെ ആരോപണം. വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ശ്മശാന നിര്‍മാണ കമ്മിറ്റിക്ക് 63 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് രേഖപ്പെടുത്തിയിരിക്കുന്നതും സംശയത്തിന് ഇടയാക്കുന്നതാണെന്ന് സമിതി ചൂണ്ടിക്കാട്ടി. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റുമായ സന്തോഷ് ചെറാക്കുളത്തിനെതിരേ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി ജില്ലാ സെക്രട്ടറി കൂടിയായ സമിതി ചെയര്മാന് വിപിന്‍ പാറമേക്കാട്ടില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാനും സമാജം മുന്‍ പ്രസിഡന്റുമായ വിജയന് ഇളയേടത്ത്, സുരേഷ് പാറമേക്കാട്ടില്‍, വി.കെ. ഭാസി, കെ.സി. മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു
Tags : Protection Committee NattuVishasham DistrictNews