വിളക്കുപാറയില് പ്രവര്ത്തിക്കുന്ന ടാര് മിക്സിംഗ് പ്ലാന്റ്.
അഞ്ചല്: ഏരൂര് വിളക്കുപാറയില് ജനവാസ മേഖലയില് കഴിഞ്ഞ രണ്ട് വര്ഷത്തിലേറെയായി പ്രവര്ത്തിച്ചു വരുന്ന ടാര് മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്ലാന്റില് നിന്ന് പുറന്തള്ളുന്ന വിഷപ്പുകയും മലിനജലവും നാട്ടുകാര്ക്ക് ദുരിതം വിതയ്ക്കുകയാണ്. ഇതിനകം കുട്ടികള് ഉള്പ്പെടെയുള്ള നിരവധിപേര് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമായി ആശുപത്രികളില് ചികിത്സ തേടിയിട്ടുണ്ട്.
ഇവിടെ നിന്ന് പുറംതള്ളപ്പെടുന്ന മലിനജലത്താൽ കൃഷിയും ജലാശയങ്ങളും പരിസരത്തെ കുടിവെള്ളക്കിണറുകളും മലിനപ്പെടുകയാണ്.
കൂറ്റന് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കുന്നതിനാല് പരിസരത്തെ വീടുകളുടെ ഭിത്തികള്ക്ക് വിള്ളല് സംഭവിച്ചിട്ടുണ്ട്. ഈ സ്ഥിതിതുടര്ന്നാല് ഏതുനിമിഷവും വീടുകള് തകര്ന്ന് വീഴുമെന്ന് ഭീതിയിലാണ് നാട്ടുകാര്. രണ്ട് വര്ഷം മുമ്പ് അഞ്ചല്, ഏരൂര് പഞ്ചായത്തുകളിലായുള്ള അഞ്ച് റോഡുകളുടെ പുനര്നിര്മാണവുമായി ബന്ധപ്പെട്ടാണ് കരാറുകാരന് ഇവിടെ ടാര്മിക്സിംഗ് പ്ലാന്റ് ആരംഭിച്ചത്. ഇതിനെതിരേ നാട്ടുകാര് അന്ന് വലിയരീതിയില് പ്രതിഷേധം ഉയര്ത്തിയിരുന്നു.
തുടർന്ന് എംഎല്എ ഉള്പ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയപ്പാര്ട്ടിനേതാക്കളുമെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയും നിര്മാണത്തിലിരിക്കുന്ന റോഡുകളുടെ ടാറിംഗ് കഴിഞ്ഞാല് ഉടനേ പ്ലാന്റ് മാറ്റാമെന്ന് ഉറപ്പ് നല്കുകയും ചെയ്തിരുന്നു. എന്നാല് രണ്ട് വര്ഷത്തിലേറെ കഴിഞ്ഞിട്ടും പ്ലാന്റിന്റെ പ്രവര്ത്തനം നിര്ത്തിയില്ല. മാത്രമല്ല മറ്റ് പല നിര്മാണ പ്രവര്ത്തികള്ക്കുള്ള ടാറും മിക്സ് ചെയ്ത് ഇവിടെ നിന്നാണ് വിതരണം നടത്തുന്നത്. എഎംഎല്യും പഞ്ചായത്ത് അധികൃതരും നല്കിയ ഉറപ്പ് പാലിക്കണമെന്നും അനധികൃതമായി പ്രവര്ത്തിക്കുന്ന പ്ലാന്റിന്റെ പ്രവര്ത്തനം അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാര് ആവശ്യപ്പെടുന്നു.