തൂഫാൻ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് റൂബി ജോസഫ് നിർവഹിക്കുന്നു.
നെടുങ്കണ്ടം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പാമ്പാടുംപാറ പഞ്ചായത്തിൽ തുടക്കമായി. പൊലിസ് വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകൾ, ഏജൻസികൾ, സാമൂഹിക–സാംസ്കാരിക–സന്നദ്ധ സംഘടനകൾ, മത–രാഷ്ട്രീയ സംഘടനകൾ, വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് റൂബി ജോസഫ് പതാക ഉയർത്തി. തുടർന്ന് നടന്ന സെമിനാറിന്റെ ഉദ്ഘാടനവും പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബി.സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പൊലിസ് ഉദ്യോഗസ്ഥരായ ജോസ് സെബാസ്റ്റ്യൻ, അജിത്ത് കൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു.
ചടങ്ങിൽ പ്രതിജ്ഞ ചൊല്ലൽ, തൂഫാൻ വാരിയർമാരുടെ പ്രഖ്യാപനം, ബാഡ്ജ് വിതരണം എന്നിവ നടന്നു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും തൂഫാൻ ഗ്രാമസഭകൾ ചേരും. ഓരോ വാർഡിലും വാർഡ് മെംബർ, ജനമൈത്രി പൊലിസ്, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, കുടുംബശ്രീ ഭാരവാഹികൾ, വിവിധ സാമൂഹിക സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന 10 പേരെ വീതം തൂഫാൻ വാരിയർമാരായി തെരഞ്ഞെടുക്കും. ഇവരുടെ നേതൃത്വത്തിൽ ഓരോ വാർഡിലും ജാഗ്രതാ സമിതികൾ രൂപീകരിക്കും.
വിദ്യാലയങ്ങളിൽ തൂഫാൻ ക്ലബ്ബുകളും ആരംഭിക്കും. തൂഫാൻ വാരിയർമാരുടെയും ജാഗ്രതാ സമിതികളുടെയും സഹകരണത്തോടെ ബോധവത്കരണം, പ്രതിരോധം, നിരീക്ഷണം, ആവശ്യമായ ഇടപെടൽ എന്നിവ ശക്തമാക്കി ലഹരി ഉപയോഗത്തിനെതിരേ സ്ഥിരവും സുസ്ഥിരവുമായ ജനകീയ പ്രതിരോധം തീർക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി സ്റ്റാലിൻ ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാധാകൃഷ്ണപിള്ള, ആരിഫ ആയൂബ്, തങ്കമ്മ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.