ആൽമരം കടപുഴകി; കൂടൽ ഗവ. സ്കൂളിനു നാശനഷ്ടം
പത്തനംതിട്ട: ശക്തമായ കാറ്റിൽ ആൽമരംവീണ് സ്കൂൾ കെട്ടിടത്തിനു നാശനഷ്ടം . കൂടൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ മുറ്റത്തു നിന്ന ആൽമരമാണ് ഇന്നലെ പുലർച്ചെ ശക്തമായ കാറ്റിൽ കടപുഴകി വീണത്. കെട്ടിടത്തിന്റെമുകളിൽ വീണ് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പുലർച്ചെ ആയതിനാൽ വൻഅപകടം ഒഴിവായി.
മരച്ചില്ലകൾ പതിച്ച് കെട്ടിടത്തിന്റെ പാരപ്പറ്റ് ഭാഗം, ഷീറ്റിട്ട മേൽക്കൂരയുടെ കുറെ ഭാഗങ്ങൾ, ശുചിമുറി എന്നിവ തകർന്നിട്ടുണ്ട്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിരുന്നു. പുറത്തു നിന്നുള്ള ആളുകളുടെ കൂടി സഹായത്തോടെയാണ് മരം മുറിച്ചു മാറ്റിയത്. വർഷങ്ങൾ പഴക്കമുള്ള വലിയ ആൽമരമായിരുന്നു ഇത്. മരം മുറിച്ചു മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി സ്കൂൾ അധികൃതർ പറയുന്നു.
ഫണ്ടില്ലെന്നു പറഞ്ഞ് ജില്ലാ പഞ്ചായത്ത് കൈയൊഴിയുകയായിരുന്നുവത്രേ. സ്കൂൾ വളപ്പിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ വിദ്യാഭ്യാസ വകുപ്പ് തന്നെ കർശന ഉത്തരവ് നൽകിയിരുന്നതുമാണ്. ആൽമരം കടപുഴകിയത് പുലർച്ചെ ആയിരുന്നതിനാൽ അപകടം ഒഴിവായി.
പരിശോധനകൾ നടന്നു, മരങ്ങൾ ഇപ്പോഴും ഭീഷണി
സ്കൂൾ വളപ്പുകളോടു ചേർന്ന് അപകടകരമായി നിൽക്കുന്ന മരങ്ങൾ കണ്ടെത്താൻ വിവിധ സർക്കാർ വകുപ്പുകൾ കഴിഞ്ഞ അവധിക്കാലത്ത് പരിശോധനകൾ നടത്തിയതാണ്. സ്കൂൾ ഫിറ്റ്നസ് നൽകുന്നതിനു മുന്നോടിയായ ചോദ്യാവലിയിലെ പ്രധാന ഇനമായിരുന്നു മരങ്ങളെ സംബന്ധിച്ച ചോദ്യം. എന്നാൽ സ്കൂൾ തുറന്നതിനു പിന്നാലെ കാലവർഷം എത്തുകയും മരങ്ങൾ കടപുഴകുകയും ചെയ്തിരിക്കുകയാണ്.
കൂടൽ സ്കൂൾ വളപ്പിൽ തന്നെ നിരവധി മരങ്ങളാണ് മുറിച്ചു മാറ്റാൻ നിർദേശം നൽകിയത്. സർക്കാർ സ്കൂളുകളുടെ സുരക്ഷിതത്വത്തിന് മരങ്ങൾ മുറിച്ചു മാറ്റേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പ്രൈമറി വിദ്യാലയങ്ങളിൽ ഗ്രാമപഞ്ചായത്തുകളും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ജില്ലാ പഞ്ചായത്തുമാണ് മരങ്ങൾ മുറിച്ചു നീക്കാൻ നടപടികൾ നടത്തേണ്ടത്. എയ്ഡഡ് സ്കൂളുകളിൽ മാനേജ്മെന് റോ പ്രഥമാധ്യാപകരോ ഇത് നടത്തണം.
തിരുവല്ല: എംസി റോഡിൽ ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനു സമീപം അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു നീക്കണം എന്ന ആവശ്യം ശക്തമാകുന്നു. തിരുവല്ല ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലെ കൂറ്റൻ മരങ്ങളുടെ ശിഖരങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്.
വൃക്ഷത്തിന്റെ ശിഖരങ്ങൾ എംസി റോഡിലേക്ക് ചാഞ്ഞു നിൽക്കുകയാണ്. മഴയും കാറ്റും ആരംഭിച്ചതോടെ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയായി. പോസ്റ്റ് ഓഫീസ്, ടെലിഫോൺ ഓഫീസുകളിലേക്ക് നിരവധി കാൽനട യാത്രികരും എത്തുന്ന ഭാഗമാണിത്.
ശക്തമായ മഴയിലും കാറ്റിലും വൃക്ഷം കടപുഴകി റോഡിലേക്ക് പതിക്കാനുള്ള സാധ്യതയും ഏറെയാണ്. വൃക്ഷത്തിന്റെ ഉണങ്ങിയ ശിഖരങ്ങളും ഏതു സമയത്തും താഴേക്കു പതിക്കാനുമിടയുണ്ട്. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും മരങ്ങൾ ഭീഷണിയാണ്. വിദ്യാർഥികളും യാത്രക്കാരുമടക്കം ഒട്ടേറെ ആളുകൾ ചുവട്ടിൽ വാഹനം കാത്തു നിൽക്കാറുമുണ്ട്. സമീപത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. നിരവധി കേബിൾ ലൈനുകൾ കൊമ്പുകൾക്കു താഴെക്കൂടി കടന്നു പോകുന്നതിനാൽ അപകടസാധ്യത ഇരട്ടിയായിരുന്നു.
നഗരത്തിൽ ട്രീ കട്ടിംഗിന്റെ ഭാഗമായി അപകട ഭീഷണി ഉയർത്തിയ മരങ്ങൾ പലതും വെട്ടിമാറ്റിയെങ്കിലും പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അപകട സാധ്യത വിസ്മരിച്ചതായി നാട്ടുകാർ പറയുന്നു. നഗരത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരത്തിൽ അപകടകരമാം വിധം ഒട്ടേറെ മരക്കൊമ്പുകൾ റോഡിലേക്കും വൈദ്യുതി ലൈനുകൾക്കു മുകളിലേക്കും ചാഞ്ഞു നിൽക്കുന്നതായും ആക്ഷേപമുണ്ട്.
കിഴക്കൻ മേഖലയിൽ മഴ കനത്തു, നാശനഷ്ടങ്ങളും ഏറി
റാന്നി: കിഴക്കൻ മേഖലയിൽ രണ്ടുദിവസമായി പെയ്തിറങ്ങുന്നത് കനത്ത മഴ. മലയോരങ്ങളിലെ ശക്തമായ മഴ വെള്ളക്കെട്ടിനും കാരണമായിട്ടുണ്ട്. ഇതോടെ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യത വർധിച്ചു.
പെയ്തിറങ്ങുന്ന അതിശക്തമായ മഴയിൽ മുറ്റങ്ങളുടെയും പറമ്പുകളുടെയും കെട്ടുകളും കയാലകളും ഇടിഞ്ഞുതാഴുന്നത് മണ്ണ് ഒലിച്ചു പോകുന്നതിനും അതുവഴി കനത്ത നഷ്ടങ്ങൾക്കും ഇടയാക്കുകയാണ്. ഗ്രാമീണ റോഡുകൾ അപ്പാടെ മണ്ണും ചെളിയും കൊണ്ട് മൂടിയിരിക്കുകയാണ്.
പ്രധാന റോഡുകളിൽ പോലും വെള്ളച്ചാലുകൾ രൂപപ്പെട്ടു തുടങ്ങി. റോഡുകളുടെ കൽക്കെട്ടുകളും വീടുകളോടു ചേർന്നുള്ള താങ്ങു കെട്ടുകളും നിലം പൊത്തിത്തുടങ്ങിയതും ഭീഷണിയായി. വെച്ചൂച്ചിറ, മണ്ണടിശാല, പരുവ ഭാഗങ്ങളിൽ കഴിഞ്ഞദിവസം വീടുകൾക്കു സമീപത്തു മണ്ണിടിച്ചിൽ മൂലം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
മണ്ണടിശാല ഗീതാഞ്ജലിയിൽ ഷാജിയുടെ വീടിന്റെ സംരക്ഷണഭിത്തി കഴിഞ്ഞദിവസത്തെ മഴയിൽ ഇടിഞ്ഞു വീണു. മലയോര മേഖലയിലേക്കുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത മുൻനിർത്തി യാത്ര ഒഴിവാക്കാനുള്ള നിർദേശങ്ങളും റവന്യൂ വകുപ്പ് നൽകിയിട്ടുണ്ട്.
കോയിപ്രം പോലീസ് സ്റ്റേഷൻ റോഡിൽ വെള്ളക്കെട്ട്
പുല്ലാട്: മഴ കനത്തതോടെ പുല്ലാട് ജംഗ്ഷൻ - പൂവത്തൂർ റോഡിലെ പോലീസ് സ്റ്റേഷൻ ഭാഗത്ത് റോഡിൽ വെള്ളക്കെട്ട്. കാൽനട യാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കുമാണ് ഏറെ ബുദ്ധിമുട്ട്. പോലീസ് സ്റ്റേഷനിലേക്ക് വരുന്നവർക്കും വെള്ളക്കെട്ട് തടസമാണ്.
കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ഈപ്പൻ, വൈസ് പ്രസിഡന്റ് ആർ. ജയ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. വെളളക്കെട്ട് ഹിറ്റാച്ചി ഉപയോഗിച്ച് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
തണ്ണിത്തോട് സ്കൂളിൽ അധ്യയനം മുടങ്ങിയില്ല
തണ്ണിത്തോട്: ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ കാറ്റിൽ മേൽക്കൂര നഷ്ടപ്പെട്ട തണ്ണിത്തോട് സെന്റ് ബനഡിക്ട് ഹൈസ്കൂളിൽ ഇന്നലെ അധ്യയനം സുഗമമായിനടന്നു. മേൽക്കൂര നഷ്ടമായ സ്കൂൾ കെട്ടിടത്തിൽ പത്താം ക്ലാസിന്റെ മൂന്ന് ഡിവിഷനുകളും സ്റ്റാഫ് റൂമുകളുമാണ് ഉണ്ടായിരുന്നത്.
ഇവ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയതോടെ അധ്യയനം സുഗമമായി നടന്നുവെന്ന് പ്രഥമാധ്യാപകൻ രാജേഷ് യോഹന്നാൻ പറഞ്ഞു. ഒഴിഞ്ഞു കിടന്ന മുറികളിലേക്ക് ക്ലാസുകൾ മാറ്റാനുള്ള ക്രമീകരണം ഞായറാഴ്ച തന്നെ പിടിഎയുടെയും നാട്ടുകാരുടെയും സഹായത്തോടെ ചെയ്തിരുന്നു.
കോന്നി തഹസീൽദാർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർ ഇന്നലെ സ്കൂളിലെത്തി കെട്ടിടം പരിശോധിച്ചു.
അധ്യയനവർഷം ആരംഭിക്കുന്നതിനു മുന്പായി ഫിറ്റ്നസ് ലഭിച്ച കെട്ടിടത്തിന്റെ മേൽക്കൂരയാണ് നഷ്ടമായത്. ശക്തമായ കാറ്റിൽ മേൽക്കൂര പറന്നു പോയെന്നല്ലാതെ കെട്ടിടത്തിനു തകരാറുകളൊന്നുമുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.
കെട്ടിടം പുനർനിർമിക്കുന്നതു സംബന്ധിച്ച് മാനേജ്മെന്റുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു. സ്കൂൾ മാനേജരുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കൂടി നിർദേശം പാലിച്ച് കെട്ടിടം പുനർനിർമിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ നിർദേശങ്ങൾ തേടും.
Tags : nattu vishesham Rain brings damage