രാജസ്ഥാൻ സ്വദേശി ഓട്ടോയിൽ മറന്നുവച്ച പണവും ലാപ്ടോപ്പും പോലീസിന്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരികെ നല്കുന്നു.
ഫോർട്ടുകൊച്ചി : രാജസ്ഥാൻ സഞ്ചാരി ഓട്ടോയിൽ മറന്നു വച്ച പണവും ലാപ്ടോപ്പും കണ്ടെത്തി മടക്കി നല്കി പോലീസ്. ഇന്നലെ രാവിലെ കരുവേലിപ്പടി രാമേശ്വരം ക്ഷേത്രസമീപത്ത് നിന്ന് ഊബർ ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലെത്തിയ രാജസ്ഥാൻ സ്വദേശി സുമിതാണ് ഓട്ടോയിൽ ജോലിസ്ഥാപനത്തിലെ രണ്ടര ലക്ഷം വിലവരുന്ന ലാപ്ടോപ്പും 36,000 രൂപയും മറന്നു വച്ചത്.
തുടർന്ന് വിവരം പോലീസിൽ അറിയിച്ചതോടെ സിസിടിവി സഹായത്താടെ ഓട്ടോ ഡ്രൈവർ ഉദയകുമാറിനെ കണ്ടെത്തി ലാപ്ടോപ്പും പണവും പോലീസ് ഉടമയ്ക്ക് കൈമാറുകയായിരുന്നു. പണവും ലാപ്ടോപും കിട്ടിയതോടെ പോലീസിന് നന്ദി അറിയിച്ചാണ് രാജസ്ഥാൻ യാത്രാ സംഘം ഇവിടെനിന്നും മടങ്ങിയത്.