തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിർവഹിക്കുന്നു. കുറുക്കോളി മൊയ്തീൻ എംഎൽഎ സമീപം.
തിരൂർ: തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും സമഗ്രവികസന പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. രാജീവ് ഗാന്ധി സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ തുക ബജറ്റിൽനിന്ന് കണ്ടെത്തും. സിഎസ്ആർ ഫണ്ടും ഇതിനായി ഉപയോഗപ്പെടുത്തും.
സ്റ്റേഡിയത്തിൽ ഓപ്പണ്‍ ജിം നിർമിക്കുന്നതിന് കായിക വകുപ്പ് ഫണ്ട് അനുവദിക്കും. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്ക്കരണത്തിനായി ഉപയോഗപ്പെടുത്താനും മന്ത്രി നിർദേശിച്ചു.
തിരൂർ നഗരസഭ 1.05 കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തീകരിച്ചത്. നഗരസഭയുടെ കീഴിലുള്ള സ്റ്റേഡിയത്തിന്റെ സമഗ്ര വികസനത്തിനായി വിപുലമായ മാസ്റ്റർപ്ലാൻ തയാറാക്കിയിട്ടുണ്ട്.
നിലവിലെ ഫുട്ബോൾ ഗ്രൗണ്ടിന്റെ വലിപ്പം കുറയാതെ തന്നെ, ട്രാക്ക് ഒൗട്ടർ ലൈനിലേക്ക് മാറ്റി ആറ് വരി ട്രാക്ക് എട്ടുവരി സിന്തറ്റിക് ട്രാക്കായി ഉയർത്തും. ഇതിനായി അഞ്ച് കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.
നിലവിലെ താത്കാലിക ഗാലറിക്ക് പകരം ഒൗട്ടറിൽ സ്ഥിരം സംവിധാനത്തോടെ പുതിയ ഗാലറി നിർമിക്കും. മലപ്പുറം ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ അപര്യാപ്തത പരിഹരിക്കാൻ ഈ പദ്ധതി ഏറെ സഹായകമാകും. പതിനൊന്ന് ഏക്കറോളം വരുന്ന സ്റ്റേഡിയത്തിൽ 15,000 ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗാലറി, കായികതാരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം, മെഡിക്കൽ സംവിധാനങ്ങൾ, സ്പോർട്സ് എക്യുപ്മെന്റ് ഷോപ്പ്, കോഫി ഷോപ്പ്, പാർക്ക് തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഒരുക്കും.
കൂടാതെ 60 ലക്ഷം രൂപ വകയിരുത്തി സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമാണവും പുരോഗമിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ ഇബ്രാഹിം ഹാജി കീഴേടത്തിൽ, വൈസ് ചെയർപേഴ്സണ്‍ സിന്ധു മംഗലശേരി, സ്ഥിരം സമിതി അധ്യക്ഷരായ യാസർ പൊട്ടച്ചോല, ടി.ഇ. അബൂബക്കർ, സൈബുന്നീസ നെടിയിൽ, അൻവർ പാറയിൽ, വഹീദ ബഷീർ, വാർഡ് കൗണ്‍സിലർ കെ.വി. റജുല, നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ തുടങ്ങിവ സംബന്ധിച്ചു.