ശാസ്താംകോട്ട : അടുത്തിടെ വിവിധ സ്ഥലങ്ങളിൽ പെൺകുട്ടികളെ ആക്രമിച്ച നീല സ്കൂട്ടറുകാരനെ തേടി പോലീസ്. ദിവസങ്ങളായി പോലീസ് പല സ്ഥലത്തും ഇയാൾക്കായി വലവിരിച്ച് കാത്തിരുന്നിട്ടും ഒരുതുമ്പും കിട്ടിയില്ല. അജ്ഞാതൻ സിസിടിവി. കാമറകളിൽ പതിഞ്ഞിട്ടില്ല. മാലപൊട്ടിച്ചു കടക്കുന്ന സംഘമാണെന്ന് ആദ്യം കരുതിയെങ്കിലും അതല്ലെന്നാണ് പോലീസ് അന്വേഷണത്തിൽനിന്നു ലഭിക്കുന്ന വിവരം.
പെൺകുട്ടികൾക്കുനേരേ ലൈംഗികാതിക്രമം നടത്തുകയാണ് ലക്ഷ്യമെന്നു പോലീസ് പറയുന്നു. ഒരാഴ്ചയിലേറെയായി കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പെൺകുട്ടികൾക്കുനേരേ അതിക്രമം നടന്നുവരികയാണ്. ആദ്യസംഭവം ചക്കുവള്ളിക്കു സമീപമായിരുന്നു. വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലേക്കുള്ള ഇടവഴിയിലൂടെ തനിച്ചു പോയ കുട്ടിയെയാണ് ആക്രമിച്ചത്. സ്കൂട്ടറിൽ കുട്ടിയെ മറികടന്നു മുന്നോട്ടുപോയശേഷം സ്ഥലത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി തിരികെയെത്തി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ഓടിയാണ് കുട്ടി രക്ഷപ്പെട്ടത്.
പോരുവഴി അമ്പലത്തുംഭാഗത്ത് പ്ലസ് ടു വിദ്യാർഥിയാണ് അക്രമത്തിന് ഇരയായത്. ഒന്നാംതീയതി ഉച്ചയ്ക്കു സ്കൂൾവിട്ട് ബസിൽവന്നിറങ്ങിയ കുട്ടി ഒറ്റയ്ക്ക് വീട്ടലേക്കു നടന്നുപോകുമ്പോൾ പിന്നിലൂടെ എത്തിയായിരുന്നു ആക്രമണം. കുട്ടിയെ തള്ളി താഴെയിട്ടശേഷമാണ് അതിക്രമം. സമീപത്തെ താഴ്ന്ന പുരയിടത്തിലേക്ക് അക്രമി ഓടിരക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നാട്ടുകാർ പിന്നാലെ പാഞ്ഞെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
മൂന്നാമത്തെ സംഭവം പടിഞ്ഞാറെ കല്ലട നെൽപ്പുരകുന്നിനു സമീപമായിരുന്നു. ട്യൂഷൻകഴിഞ്ഞ് സൈക്കിളിൽ കൂട്ടുകാർക്കൊപ്പം വീട്ടിലേക്കു വരികയായിരുന്നു കുട്ടി. വീടിന് അടുത്തെത്താറയപ്പോൾ ഒറ്റയ്ക്കായി. ഈ സമയം സ്കൂട്ടറിലെത്തിയ അക്രമി സൈക്കിൾ ഇടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കുട്ടി സൈക്കിൾ ഉപേക്ഷിച്ച് നിലവിളിച്ച് ഓടിയതിനാൽ രക്ഷപ്പെട്ടു. കിഴക്കേ കല്ലടയിലെ പലഭാഗത്തും സമാന സംഭവങ്ങളുണ്ടായതായി പോലീസിന് വിവരം ലഭിച്ചു. ഹെൽമെറ്റും മാസ്കും ധരിച്ച് നീല സ്കൂട്ടറിലാണ് അക്രമിയുടെ യാത്ര. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ആളൊഴിഞ്ഞതും സിസിടിവി. ഇല്ലാത്തതുമായ പാതകളാണ് ഇയാൾ തെരഞ്ഞെടുക്കുന്നത്.
Tags : Local News Nattuvishesham Kollam