ആലപ്പുഴ: ജില്ലാ ഭരണകേന്ദ്രം, വിവര-പൊതുജനസമ്പർക്ക വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാദിനത്തിന്റെയും വായനാ മാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും. ജില്ലാ കളക്ടർ ഷാജി വി. നായർ പരിപാടി ഉദ്ഘാടനം ചെയ്യും. പുന്നപ്ര തെക്ക് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് റാണി ഹരിദാസ് അധ്യക്ഷയാകും. ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ ആളുകളും വായനാദിന പ്രതിജ്ഞ ഏറ്റുചൊല്ലും. മുൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നെടുമുടി ഹരികുമാർ പി.എൻ. പണിക്കർ സ്മൃതിപ്രഭാഷണം നടത്തും. കവിയും ചിത്രകാരനുമായ എം.ആർ. രേണുകുമാർ സമകാലിക ലോകക്രമവും വായനയുടെ പ്രസക്തിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, വാർഡ് അംഗം ബിബി വിദ്യാനന്ദൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ-ചാർജ്ജ് ആർ. രാജീവ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ദീപ ജയിംസ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. നാസർ, ജില്ലാ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര തുടങ്ങിയവർ പ്രസംഗിക്കും.
വായനാദിനാചരണത്തിന്റെയും വായനാമാസാചരണത്തിന്റെയും ഭാഗമായി വ്യാഴാഴ്ച രാവിലെ 10.30ന് എഴുത്തുകാരനും അധ്യാപകനുമായിരുന്ന കല്ലേലി രാഘവൻ പിള്ളയുടെ ഭവനത്തിൽനിന്നു കളക്ടറേറ്റിലെ ഗാന്ധി പ്രതിമ വരെ ദീപശിഖാ പ്രയാണം സംഘടിപ്പിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷൻ, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഇതു നടത്തുന്നത് .
സമൂഹത്തിൽ വായനാസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുന്നതിനുമായി വിവിധ പരിപാടികളാണ് ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. സാക്ഷരതാ മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് വിദ്യാർഥികൾക്കായി ക്വിസ് ഉൾപ്പെടെയുള്ള വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
Tags : Reading Day Nattuvishesham District News