പ്രതീകാത്മക ചിത്രം
ഇന്നലെവരെ ശീട്ടാക്കിയത് 380 വിവാഹങ്ങൾ
ഗുരുവായൂർ: ചിങ്ങമാസത്തിൽ ഏറ്റവും നല്ല മുഹൂർത്തമുള്ള 23നു ക്ഷേത്രസന്നിധിയിൽ വിവാഹങ്ങളുടെ എണ്ണത്തിൽ പുതിയ റിക്കാർഡ് പിറക്കും. ഓഗസ്റ്റ് 23ലേക്ക് ഇന്നലെ വരെ 380 വിവാഹങ്ങളാണു ശീട്ടാക്കിയിട്ടുള്ളത്. 2024 സെപ്റ്റംബർ എട്ടിനു ക്ഷേത്രസന്നിധിയിൽ നടന്ന 334 വിവാഹങ്ങളാണു നിലവിലെ റിക്കാർഡ്.
380 വിവാഹങ്ങൾ കൂടാതെ ചോറൂണിനും ദർശനത്തിനുമായി എത്തുന്നവർകൂടിയാവുന്നതോടെ 23നു ക്ഷേത്രത്തിലും പരിസരത്തും വൻ ജനത്തിരക്കാവും അനുഭവപ്പെടുക. ദേവസ്വം, നഗരസഭ, പോലീസ് എന്നിവർ ചേർന്ന് മുന്നൊരുക്കം നടത്തിയാലാണ് പാർക്കിംഗ് ക്രമീകരണങ്ങൾ ഉൾപ്പെടെ ഒരുക്കാനാവുക. ഈ മാസം 30നും മുന്നൂറോളം വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. ചിങ്ങം പിറക്കുന്നതോടെ 16 മുതൽ ഒട്ടുമിക്ക ദിവസങ്ങളിലും 50 മുതൽ 80 വരെ വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.