കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ
കണ്ണൂർ: സർവകലാശാല രജിസ്ട്രാർ ജോബി കെ ജോസ് ചുമതലയൊഴിഞ്ഞു. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസിലെ സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പിലെ പ്രഫസറായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷക്കാലമായി സർവകലാശാല രജിസ്ട്രാറായി പ്രവർത്തിച്ചു വരികയായിരുന്നു.
കണ്ണൂർ സർവകലാശാലയുടെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികളുടെ നടത്തിപ്പ് ചുമതല വഹിച്ച ഇദ്ദേഹം രജിസ്ട്രാർക്കു പുറമെ പരീക്ഷാ കൺട്രോളർ, റിസർച്ച് ഡയറക്ടർ, എംഎംടിടിസി ഡയറക്ടർ തുടങ്ങിയ അധിക ചുമതലകളും ഈ കാലയളവിൽ വഹിച്ചിട്ടുണ്ട്.
പിഎം ഉഷ പദ്ധതിയിലൂടെ കണ്ണൂർ സർവകലാശാല100 കോടിയും കിഫ്ബി പദ്ധതിക്ക് കീഴിൽ വിവിധ പ്രോജെക്ടുകൾക്ക് അംഗീകാരം നേടിയെടുക്കാനും ഈ കാലഘട്ടത്തിൽ കഴിഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നതിനൊപ്പം അതിന്റെ സംസ്ഥാന തലമോണിറ്ററിംഗ് സമിതിയുടെ കൺവീനറായും ജോബി കെ ജോസ് പ്രവർത്തിച്ചു. സമഗ്രമായ പരീക്ഷ നടത്തിപ്പ് സോഫ്റ്റ്വെയർ കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നതിനും നേതൃത്വം നൽകി.
പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുമ്പോഴാണ് ഓൺലൈൻ ചോദ്യ ബാങ്ക് കണ്ണൂർ സർവകലാശാലയിൽ നടപ്പിലാകുന്നത്. മാത്തമാറ്റിക്സ് ഡിപ്പാർട്മെന്റിലെ അധ്യാപകനായ മുരളീധരന്റെ നേതൃത്വത്തിൽ കണ്ണൂർ സർവകാലശാല സ്വന്തമായി നിർമിച്ചതാണ് ഈ ചോദ്യ ബാങ്ക്.
സംസ്ഥാന ഇ-ഗവേർണൻസ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സർവകലാശാലയ്ക്ക് ലഭിച്ചു. ആറു വിദ്യാർഥികൾ ഇദ്ദേഹത്തിന് കീഴിൽ ഗവേഷണം പൂർത്തിയാക്കി. എട്ടു പേർ ഇപ്പോൾ ഗവേഷണം ചെയ്തുവരുന്നു.40 അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഇദ്ദേഹം വിവിധ രാജ്യങ്ങളിലായി നിരവധി കോൺഫ്രൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും നിരവധി ഗവേഷണ പ്രോജക്ടുകൾ പൂർത്തീകരിക്കുകയും ചെയ്തു.
Tags : NattuVishasham DistrictNews