വിലങ്ങാട്ടെ ഉരുൾപൊട്ടിയ പ്രദേശം പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചപ്പോൾ.
കോഴിക്കോട്: ജില്ലയ്ക്ക് വികസനക്കുതിപ്പേകുന്ന പദ്ധതികളുമായി ബജറ്റ്. നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ലൈറ്റ് മെട്രോ പദ്ധതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച ബജറ്റിലുള്ളത്.
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാടിന്റെ പുനര്‍നിര്‍മിതിക്കായി പ്രത്യേക പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്ടെ സൈബർപാർക്കിനെ ഇൻഫോപാർക്ക്-ടെക്നോപാർക്ക് നിലവാരത്തിലേക്ക് ഉയർത്താനുള്ള തീരുമാനവും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
50 കോടിയുടെ എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക്
തനത് കലാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിട്ടിരിക്കുന്ന വന്‍കിട പദ്ധതിക്കായി 50 കോടിയാണ് വകയിരുത്തിയത്.
കോഴിക്കോടിന്റെ സാംസ്കാരിക ടൂറിസത്തിന് വലിയ സംഭാവനയാകുന്ന ഈ പാര്‍ക്കിന്റെ നടത്തിപ്പിനായി പ്രത്യേക "കള്‍ച്ചറല്‍- ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകള്‍ എന്നിവ അവതരിപ്പിക്കാനുള്ള വേദികള്‍, പുതിയ തലമുറയിലെ (ജെന്‍സി) കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശന സൗകര്യങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങള്‍,
പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ബുക്ക് ഷോപ്പുകള്‍, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
ഐടി മേഖലയ്ക്ക് ഉണര്‍വ്
കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ വികസന നടപടികള്‍ സ്വീകരിക്കും. ഇതോടെ മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും.
വിലങ്ങാടിന് ‘ഒരു കൈ’ സഹായം
നാദാപുരം: വിലങ്ങാടിന്റെ പ്രതീക്ഷ കാത്ത് യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. 2024ലെ ഉരുൾപൊട്ടലിൽ തകര്‍ന്ന വിലങ്ങാടിന്റെ മനസറിഞ്ഞുകൊണ്ടുള്ള സഹായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി വി.ഡി. സതീശന് ബജറ്റിലൂടെ നടത്തിയത്. വിലങ്ങാടിന്റെ വേദന നേരിൽ കണ്ട വി.ഡി. സതീശൻ ബജറ്റിൽ വിലങ്ങാടിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.അടിസ്ഥാന സൗകര്യ പുനർനിർമാണം, ദുരിതബാധിതരുടെ പുനരധിവാസം, കാർഷിക മേഖലയുടെ പുനരുജ്ജീവനം, പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാതൃകകൾ സൃഷ്ടിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സമഗ്രവും സുസ്ഥിരവുമായ പുനർനിർമിതിയാണ് വിലങ്ങാട് പാക്കേജിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനായി അഞ്ച് കോടിയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. എൽഡിഎഫ് ഭരണ കാലത്ത് അഞ്ച്മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഒട്ടേറെ ഉദ്യോഗസ്ഥരും വിലങ്ങാട് എത്തിയിരുന്നെങ്കിലും കോടികളുടെ നഷ്ടമുണ്ടായ വിലങ്ങാടിനു വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നില്ല. അന്തരിച്ച റിട്ട. ഹെഡ്മാസ്റ്റർ കെ.എ.മാത്യുവിന്റെ കുടുംബത്തിനുള്ള ധനസഹായവും വീടുകൾ നഷ്ടമായവർക്കുള്ള ധനസഹായവും അനുവദിച്ചത് ഒഴിച്ചാൽ വിലങ്ങാടിന്റെ പശ്ചാത്തല സൗകര്യങ്ങൾ സജ്ജീകരിക്കുന്ന കാര്യത്തിൽ തുടങ്ങി അത്യാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്ന കാര്യത്തിൽ പോലും കാര്യമായി ഒന്നും ചെയ്തിരുന്നില്ലെന്ന ആക്ഷേപം ശക്തമായുയര്‍ന്നിരുന്നു.
വിലങ്ങാട് ടൗൺ പാലത്തിനോടു ചേർന്ന് വാണിമേൽ പഞ്ചായത്ത് പണിത ബസ് കാത്തിരിപ്പു കേന്ദ്രം പൂർണമായി തകർന്നതുപോലും ഇതുവരെ പുനർനിർമിക്കാൻ പഞ്ചായത്തിനും കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടലിൽ തകർന്ന ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, മഞ്ഞച്ചീളി പാലം, വായാട് പാലം, വിലങ്ങാട് ടൗൺ പാലം, വിലങ്ങാട് അങ്ങാടിയിലെ റോഡുകൾ, പുഴയോര ഭിത്തികൾ നിർമാണം എന്നിവയൊന്നും എവിടെയും എത്തിയിട്ടില്ല.
കോഴിക്കോട്ടെ കുരുക്കഴിയുമോ ? ലൈറ്റ് മെട്രോയ്ക്ക് 15 സ്റ്റേഷനുകള്‍, ഡിപ്പോ നിര്‍മിക്കാന്‍ 5.2 ഹെക്ടർ ഭൂമി
കോഴിക്കോട്: ദേശീയപാതാ വികസനം, മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം തുടങ്ങി നഗരവികസനത്തിൽ മുന്നേറിത്തുടങ്ങിയെങ്കിലും രാവിലെയും വൈകുന്നേരവും നഗരത്തിലെ പ്രധാന പാതകളിൽ കുരുക്കഴിയാതെ തുടരുന്ന ഗതാഗത തടസത്തിന് മുന്നിൽ കോഴിക്കോടിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലൈറ്റ് മെട്രോ പദ്ധതി. ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളജ് ഹോസ്റ്റൽ മുതൽ മീഞ്ചന്ത വരെ നീളുന്ന 14.2 കിലോമീറ്റർ പാതയാണ് പരിഗണനയിലുള്ളത്.
മെഡിക്കൽ കോളജ് ഹോസ്റ്റൽ, മെഡിക്കൽ കോളജ്, ചേവായൂർ, തൊണ്ടയാട്, കോട്ടൂളി, പുതിയ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണർ, മീഞ്ചന്ത എന്നിങ്ങനെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ചർച്ചയിൽ ഉള്ളത്.
കരിപ്പൂർ എയർപോർട്ട്, രാമനാട്ടുകര, വെസ്റ്റ്ഹിൽ, കോഴിക്കോട് ബീച്ച് എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള അനുബന്ധ പാതകളും സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് ലൈറ്റ് മെട്രോ നടപ്പാക്കാൻ ഒരുങ്ങുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) പരിഗണിക്കുന്നു. മീഞ്ചന്തയിൽനിന്ന് രാമനാട്ടുകര വഴി കൊണ്ടോട്ടി കടന്ന് കരിപ്പൂർ വിമാനത്താവളം വരെ നീളുന്ന പാതയാണ് ഇതിൽ വിഭാവനം ചെയ്യുന്നത്.
ഇത് യാഥാർഥ്യമായാൽ മലബാർ മേഖലയിലെ പ്രവാസികൾക്കും മറ്റു യാത്രികർക്കും നഗരത്തിൽനിന്നു വിമാനത്താവളത്തിലേക്ക് വളരെ വേഗം എത്തിച്ചേരാനാകും. കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് മാത്രം ഏകദേശം 2,700 കോടി മുതൽ 3,000 കോടി വരെയാണ് ചെലവ് കണക്കാക്കുന്നത്. മെഡിക്കൽ കോളജ് ഹോസ്റ്റലിന് സമീപമുള്ള 5.2 ഹെക്ടർ സർക്കാർ ഭൂമിയാണ് മെട്രോ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള ഡിപ്പോ നിർമിക്കാൻ കണ്ടെത്തിയിട്ടുള്ളത്.
ബജറ്റില്‍ പണം വകയിരുത്തിയ നഗരത്തിലെ മറ്റ് പദ്ധതികള്‍
Tags : Local News Nattuvishesham Kozhikode