കൽപ്പറ്റ: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ കമ്മീഷൻ പാക്കേജ് പരിഷ്കരിച്ചു. എല്ലാ ഘടകങ്ങളും ഉൾപ്പെടെ വേതന വർധനവ് 8,000 രൂപയിൽ അധികരിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരിഷ്കരണം. 2026 ജനുവരി മുതലാണ് പ്രാബല്യം.
45 ക്വിന്റലിന് മുകളിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന വ്യാപാരികളുടെ അടിസ്ഥാന കമ്മീഷൻ 18,000 രൂപയിൽനിന്ന് 21,000 രൂപയായി വർധിപ്പിച്ചു. 45 ക്വിന്റലിനു മുകളിൽ വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കിൽ സപ്പോർട്ടീവ് പേയ്മെന്റ് ലഭിക്കും. ഇത് 8,000 രൂപയിൽ കൂടരുത്. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റലിന് മുകളിൽ 45 ക്വിന്റൽ വരെ ആണെങ്കിൽ 9,000 രൂപയാണ് അടിസ്ഥാന കമ്മീഷൻ. വിതരണം ചെയ്യുന്ന ഓരോ ക്വിന്റലിനും 270 രൂപ സപ്പോർട്ടീവ് പേയ്മെന്റ് ലഭിക്കും.
പരമാവധി കമ്മീഷൻ 21,000 രൂപയായിരിക്കും. വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്റെ അളവ് 15 ക്വിന്റൽ വരെ ആണെങ്കിൽ 6,800 രൂപയായിരിക്കും അടിസ്ഥാന കമ്മീഷൻ.
റേഷൻ വ്യാപാരികൾ ദീർകാലമായി ആവശ്യപ്പെടുന്നതാണ് കമ്മീഷൻ പരിഷ്കരണം. സർക്കാർ ചുമതലപ്പെടുത്തിയ റേഷനിംഗ് കണ്ട്രോളർ, ലോ ഓഫീസർ, വിജിലൻസ് ഓഫീസർ എന്നിവരടങ്ങിയ മൂന്നംഗ സമിതി റേഷൻ വ്യാപാരികളുടെ സാന്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു