നിര്‍മാണം പാതിവഴിയില്‍ നിലച്ച ശ്രീനാരായണപുരം - കലാവേദി - സഞ്ചാരിമുക്ക് റോഡിലെ ഓട.
ഇതുവരെ നടന്നത് 100 മീറ്റര്‍ ഓട നിര്‍മാണം മാത്രം
കൊല്ലം: ശ്രീനാരായണപുരം- സഞ്ചാരിമുക്ക് റോഡ് നവീകരണത്തില്‍ ഇതേവരെ നടന്നത് 100 മീറ്റര്‍ ഓട നിര്‍മാണം മാത്രം. റോഡ് നിര്‍മാണം ആരംഭിച്ചിട്ട് മൂന്ന് വര്‍ഷമായി. ഒന്നര പതിറ്റാണ്ടായി റോഡ് തകര്‍ന്നു കിടക്കുകയായിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിയെത്തുടര്‍ന്നാണ് നവീകരിക്കാന്‍ തുടങ്ങിയത്. റോഡ് നവീകരണം മുടങ്ങിക്കിടക്കുന്നതിനാല്‍ റോഡരികിലുള്ള 300ഓളം കുടുംബങ്ങള്‍ ദുരിതത്തിലാണ്.
ഇരവിപുരം മുന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3.5 കോടി വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. ശ്രീനാരായണപുരം, കലാവേദി, മാടന്നട വഴി ദേശീയപാതയിലേക്ക് എത്തുന്ന ഈ റോഡ് രണ്ട് കിലോമീറ്ററോളമുണ്ട്. അമ്മന്‍നട, അയത്തില്‍, വടക്കേവിള, പള്ളിമുക്ക് ഡിവിഷനുകളിലെ ജനങ്ങള്‍ക്ക് ഹൈവേയിലേക്ക് വേഗം എത്താനുള്ള പ്രധാന റോഡാണിത്. എന്നാല്‍ 15 വര്‍ഷത്തിലേറെയായി ഈ റോഡ് തകര്‍ന്നു കിടക്കുകയാണ്.
മൂന്ന് വര്‍ഷം മുമ്പാണ് നിലവിലെ കരാറുകാരന് കരാര്‍ ഏറ്റെടുത്തത്. ഓട നിര്‍മാണത്തിനായി കുഴിയെടുത്തതോടെ പലര്‍ക്കും വീടുകളില്‍ നിന്ന് റോഡിലേക്ക് ഇറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. സാമ്പത്തിക പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കരാറുകാരന് ജോലി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് വൈകി. ഇതേ തുടര്‍ന്ന് എംഎല്‍എയും കോര്‍പറേഷനും ചേര്‍ന്ന് ഹിയറിംഗ് നടത്തി. തുടർന്ന് രണ്ട് മാസത്തിനകം പണി തീര്‍ക്കാമെന്ന് കരാറുകാരന് ഉറപ്പുനല്‍കിയിരുന്നു. പിന്നീട് രണ്ട് ദിവസം പണി നടന്നു. അതിനുശേഷം പണി വീണ്ടും ഉപേക്ഷിക്കുകയായിരുന്നു.
കരാറുകാരന് കോര്പറേഷന് അന്തിമ നോട്ടീസ് നല്‍കിയിരിക്കുകയാണ്. റിസ്ക് ആന്‍ഡ് കോസ്റ്റില്‍ റീ-ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. മെറ്റീരിയല്‍ നിരക്കുകള്‍ മൂലം തുകയില്‍ ഉണ്ടാകുന്ന വ്യത്യാസം എംഎല്‍എ ഫണ്ടില്‍ നിന്ന് ലഭ്യമാക്കുമെന്ന് ഉറപ്പു ലഭിച്ചു. റീ-ടെന്‍ഡര്‍ നടപടികളിലൂടെ റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Tags :